vizhinjam

വിഴിഞ്ഞം: ജനങ്ങൾ സഹകരിച്ചാൽ മത്സ്യബന്ധന തുറമുഖ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും പ്രദേശവാസികളോട് ചർച്ച ചെയ്ത് ആവശ്യമെങ്കിൽ പ്ലാനിൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

1962 ൽ ആരംഭിച്ച തുറമുഖ നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് പൂർത്തിയായത്. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർചർച്ചയ്ക്കാണ് മന്ത്രി ഇന്നലെ വിഴിഞ്ഞത്തെത്തിയത്. തുറമുഖത്തെ ബ്രേക്ക് വാട്ടർ സംരക്ഷിച്ചു കൊണ്ടു വേണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനെന്ന് അദാനി ഗ്രൂപ്പിനോട് സർക്കാർ ആവശ്യപ്പെടും. ഇതിനായി ജമാഅത്ത് - ഇടവക പ്രതിനിധികളെയും വിവിധ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും.

sഗ്ഗ് മറിഞ്ഞതു കാരണം ബെർത്ത് നിർമാണം തടസപ്പെട്ട വിഴിഞ്ഞം പുതിയ വാർഫിനു സമീപത്ത് ടഗ്ഗ് ഒഴികെയുള്ള ഭാഗത്ത് നിർമ്മാണം നടത്താൻ മന്ത്രി നിർദ്ദേശിച്ചു. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം പരിഗണിച്ചതിന് ശേഷം ബെർത്ത് നിർമ്മാണം മതിയെന്ന് ചർച്ചയ്ക്കെത്തിയ ഒരു വിഭാഗം ആവശ്യപ്പെട്ടു. എം.വിൻസന്റ് എം.എൽ.എ, ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അധികൃതർ, തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ, ജമാഅത്ത് - വിഴിഞ്ഞം ഇടവക ഭാരവാഹികൾ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 ജമാഅത്ത് വിഭാഗം ഇറങ്ങിപ്പോയി

ചർച്ച നടക്കുന്നതിനിടെ ജമാഅത്ത് വിഭാഗം യോഗത്തിൽ നിന്നു ഇറങ്ങിപ്പോയി. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ മന്ത്രി കൂട്ടാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ചർച്ച തുടർന്നെങ്കിലും പ്രതിഷേധം തുടർന്നതിനാൽ ചർച്ച അവസാനിപ്പിച്ച് മന്ത്രി മടങ്ങി. ജനകീയമായി പദ്ധതി പൂർത്തിയാക്കാനാണ് ചർച്ച നടത്തുന്നതെന്നും മാസ്റ്രർ പ്ലാനിന്റെ കോപ്പി എല്ലാവർക്കും വിതരണം ചെയ്യുമെന്നും തുടർ ചർച്ച നടത്തി ആവശ്യമെങ്കിൽ പ്ലാനിൽ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 മാസ്റ്രർ പ്ലാനിൽ ഉൾപ്പെട്ടവ

മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുളള സൗകര്യം, വിശ്രമ മുറി, ഡീസൽ ബങ്ക്, റെഡി ടു കുക്ക് പദ്ധതിക്കായി കെട്ടിടം, സീ ഫുഡ് കോർട്ട്, വല നിർമ്മാണശാല, സ്കിൽ ഡെവലപ്മെന്റ് സെന്റർ, കളിസ്ഥലം, തുറമുഖ വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികൾ, ഓഖി ദുരന്തത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയതാണ് മാസ്റ്റർ പ്ലാൻ.

 അടിമുടി മാറാനൊരുങ്ങി വിഴിഞ്ഞം

 30 കോടിയുടെ ഫിഷ് ലാൻഡിംഗ് സെന്ററും സീ ഫുഡ് പാർക്കും

 140 മീറ്റർ നീളമുള്ള മത്സ്യ ബന്ധന ബ്രേക്ക് വാട്ടർ

 500 മീറ്റർ ബർത്ത് സൗകര്യം

ചെലവ് 131 കോടി രൂപ

ഫോട്ടോ: