minister
തിരുവനന്തപുരത്ത്‌ സപ്ലൈകോയുടെ ഓണം ജില്ലാ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വിൽപനക്കായി വെച്ചിരിക്കുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നു. മന്ത്രി പി. തിലോത്തമൻ,സി.പി.ഐ ജില്ലാ സെക്രട്ടറി ജി,ആർ അനിൽ, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ് ശിവകുമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ സമീപം

തിരുവനന്തപുരം: സപ്ലൈകോ ഓണച്ചന്തകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പൊതു വിപണിയിൽ ലഭ്യമായതിലും കുറഞ്ഞ വിലയിൽ അരി, പയറു വർഗങ്ങൾ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങൾക്ക് പുറമേ 40 ശതമാനം വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങളും ഓണച്ചന്തയിലുണ്ട്. ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലായി 1500ഓളം ഓണച്ചന്തകളാണ് സപ്ലൈകോ ഒരുക്കിയിട്ടുള്ളത്.

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏത് വിഷമഘട്ടത്തിലും ഓണമാഘോഷിക്കുക എന്ന മനഃസ്ഥിതി ഉള്ളവരാണ് മലയാളികളെന്നും പ്രയാസങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമിത ലാഭം ആഗ്രഹിച്ചല്ല മറിച്ച് ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ പ്രവർത്തിക്കുന്നതെന്നും ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെ‌ഡ്, ഹോർട്ടികോർപ്പ്, സഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഉടൻ ഓണച്ചന്തകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സാധനങ്ങളുടെ ആദ്യ വില്പനയും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷനായി. സപ്ലൈകോ ചെയർമാൻ കെ.എൻ. സതീഷ്, വി.എസ്. ശിവകുമാർ എം.എൽ.എ, ഒ.രാജഗോപാൽ എം.എൽ.എ, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ, നഗരസഭാ കൗൺസിലർ എസ്.കെ.പി രമേശ്, സപ്ലൈകോ ജനറൽ മാനേജർ ആർ റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു. സെപ്തംബർ 10ന് ഓണച്ചന്ത അവസാനിക്കും.

വിലവിവരം

ജയ അരി- 25രൂപ

മട്ട അരി- 24രൂപ

പച്ചരി - 23രൂപ

സുരേഖ അരി- 35 രൂപ

ചെറുപയർ- 61 രൂപ

കടല- 42രൂപ

ഉഴുന്ന്- 60 രൂപ

പഞ്ചസാര- 22രൂപ

വെളിച്ചെണ്ണ- 46രൂപ (അര ലിറ്റർ)