mullappally-and-tharoor

തിരുവനന്തപുരം: ശശി തരൂർ എം.പിയുമായി ബന്ധപ്പെട്ട മോദി സ്തുതി വിവാദം അവസാനിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തീരുമാനിച്ചു. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ ശക്തനായ വിമർശകനായി തുടരുമെന്നും കെ.പി.സി.സിക്ക് നൽകിയ വിശദീകരണത്തിൽ തരൂർ വ്യക്തമാക്കിയ സ്ഥിതിക്കാണിത്. തരൂരിനെതിരെ രൂക്ഷമായി രംഗത്ത് വന്ന കെ. മുരളീധരൻ എം.പി അടക്കമുള്ള നേതാക്കളോടും വിവാദം അവസാനിപ്പിക്കാൻ മുല്ലപ്പള്ളി നിർദ്ദേശിച്ചിട്ടുണ്ട്. തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മറ്റ് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരുമായി സംസാരിച്ചശേഷമാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

തരൂരിന്റെ വിശദീകരണം അംഗീകരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിക്കാൻ നടത്തിയ വാദഗതികളെ അതേപടി ഉൾക്കൊള്ളാനാവില്ലെന്ന വികാരം കെ.പി.സി.സി നേതൃത്വത്തിൽ ഉൾപ്പെടെയുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ ആസന്നമായിര രാഷ്ട്രീയസാഹചര്യത്തിൽ കൂടുതൽ വിവാദമുണ്ടാക്കി എതിരാളികൾക്ക് ആയുധമിട്ട് കൊടുക്കേണ്ടെന്നതും വിവാദം അവസാനിപ്പിക്കലിന് പിന്നിലുണ്ട്. തന്റെ വിശദീകരണം അംഗീകരിച്ചതിൽ തരൂർ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ചു.

തരൂരിന്റെ മോദി അനുകൂല നിലപാട് തീർത്തും നിഷ്കളങ്കമായി കാണാൻ സംസ്ഥാന കോൺഗ്രസിൽ പലരും തയ്യാറായിട്ടില്ല. ജയറാം രമേശിന്റെ പ്രതികരണത്തിന് പിന്നാലെയുള്ള ട്വീറ്റാണെങ്കിലും അത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം വലിയ അമർഷം നേതൃത്വത്തിന് നേരിടേണ്ടി വന്നു. ഈ വികാരങ്ങളും ഉൾക്കൊണ്ടാണ് കെ. മുരളീധരൻ ഉൾപ്പെടെ എട്ട് കോൺഗ്രസ് എം.പിമാർ തരൂരിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നത്. അതൊന്നും അവരുടെ വ്യക്തിപരമായ വികാരപ്രകടനമായല്ല കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്.

തരൂരിനെ പിന്തുണച്ച്

മുസ്ലിംലീഗ്

അതിനിടെ, തരൂരിനെ പിന്തുണച്ച് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ. മുനീർ ഇന്നലെ രംഗത്തെത്തിയതും ശ്രദ്ധേയമായി. കോൺഗ്രസില്ലാത്ത ശശി തരൂരിനെയോ ശശി തരൂരില്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാനാവില്ലെന്നാണ് മുനീർ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയത്. സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്കവിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിത്. ശശി തരൂർ മോദി അനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ല. തരൂർ ഒരിക്കലും ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ലെന്നും മുനീർ ചൂണ്ടിക്കാട്ടി.