. ഇന്ത്യ -വിൻഡീസ് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ
ജമൈക്കയിൽ
. എല്ലാം ജയിച്ച് മടങ്ങാൻ ഇന്ത്യ
മാനം രക്ഷിക്കാൻ വിൻഡീസ്
. ടിവി ലൈവ്: രാത്രി 8 മുതൽ സോൺ. ടെൻ ചാനലുകളിൽ
ജമൈക്ക : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ജമൈക്കയിലെ സബെയ്‌ന പാർക്കിൽ തുടങ്ങുമ്പോൾ ഒറ്റക്കളിപോലും തോൽക്കാതൊരു വിൻഡീസ് പര്യടനം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഒരു കാലത്ത് ലോകത്തെ കിടുകിടാവിറപ്പിച്ച വിൻഡീസാകട്ടെ ഒരു കളിയെങ്കിലും ജയിച്ച് മാനം രക്ഷിക്കാനുള്ള തത്രപ്പാടിലും.
മൂന്നുവീതം ട്വന്റി 20 കൾക്കും ഏകദിനങ്ങൾക്കുമായാണ് കഴിഞ്ഞമാസം വിരാട് കൊഹ്‌ലിയുടെ ഇന്ത്യൻ ടീം കരീബിയൻ തീരത്തെക്കെത്തിയത്. മൂന്ന് ട്വന്റി 20 കളും വിജയിച്ചത് ഇന്ത്യ ആദ്യ ഏകദിനം മഴയെടുത്തതിനാൽ 2-0 ത്തിന് ഏകദിന പരമ്പര വിജയം. കഴിഞ്ഞവാരം ആന്റിഗ്വയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചത് 318 റൺസിന്. വിദേശ മണ്ണിൽ റൺ മാർജിനിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.
ആദ്യമത്സരത്തിലെ പ്രകടനം ഇന്ത്യയ്ക്ക് നിറഞ്ഞ ആത്മവിശ്വാസമാണ് നൽകുന്നത്. അജിങ്ക്യ രഹാനെ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ ബാറ്റിംഗിലും ജസ്‌പ്രീത് ബുംറയും ഇശാന്ത് ശർമ്മയും ബൗളിംഗിലും പുലർത്തിയ മികവ് ആവർത്തിക്കുകയാണെങ്കിൽ വിൻഡീസ് വീണ്ടും വെള്ളം കുടിക്കുമെന്നുറപ്പ്. ഒാപ്പണിംഗിൽ മായാങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ കഴിവിനൊത്ത് ഉയർന്നിരുന്നില്ലെങ്കിലും ഒരവസരം കൂടി നൽകിയേക്കും. ഇല്ലെങ്കിൽ രോഹിതിന് അവസരം ലഭിക്കും. കെ.എൽ. രാഹുൽ രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട രീതിയിൽ ബാറ്റ് വീശിയിരുന്നു. ചേതേശ്വർ പുജാര മാത്രമാണ് ഇരു ഇന്നിംഗ്സുകളിലും ക്ളിക്കാകാതെ പോയത്. ഹനുമ വിഹാരിയും രഹാനെയും മിന്നുന്ന ഫോമിലായതിനാൽ മദ്ധ്യനിരയിൽ രോഹിതിന്റെ ആവശ്യകത ഇല്ല. ആൾ റൗണ്ടറായി ജഡേജ തന്നെയാകും ഇറങ്ങുക.
മറുവശത്ത് ഒരു വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്‌മാന് പോലും ആദ്യ ടെസ്റ്റിൽ ഒരു അർദ്ധസെഞ്ച്വറിപോലും നേടാനായിരുന്നില്ല. ഷായ് ഹോപ്പ്, ഷിമ്രോൺ ഹെട്‌മേയർ, ക്രെയ്‌ഗ് ബ്രാത്ത് വെയ്‌റ്റ് തുടങ്ങിയ മികച്ച കളിക്കാർ വിൻഡീസ് നിരയിലുണ്ടെങ്കിലും ഇന്ത്യൻ ബൗളിംഗിനെതിരെ പിടിച്ചുനിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. റോൾട്ടൺ ചേസും ഫോമിലല്ല.
പേസർമാരായ ഷാനോൺ ഗബ്രിയേലും കെമർ റോഷും നന്നായി ബൗൾ ചെയ്യുന്നുണ്ടെങ്കിലും പിന്തുണ നൽകാൻ മറ്റുള്ളവർക്ക് കഴിയാത്തതാണ് ആതിഥേയരുടെ ദുഃഖം.
പന്തിൽ ആശങ്ക
. ഇന്ത്യ രണ്ടാംടെസ്റ്റിനിറങ്ങുമ്പോൾ ഉറ്റുനോക്കപ്പെടുന്നത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ബാറ്റിംഗാണ്.
. ധോണിയെ മാറ്റിനിറുത്തി മൂന്ന് ഫോർമാറ്റുകളിലും അവസരം നൽകിയ ഋഷഭിന് ഇതുവരെ ബാറ്റുകൊണ്ട് തനതു ശൈലിയിലെ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല.
. ട്വന്റി 20 യിലും ഏകദിനത്തിലും ടെസ്റ്റിലുമായി ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്സുകളിൽ നേടാനായത് ഒരേയൊരു അർദ്ധ സെഞ്ച്വറി. രണ്ട് ഇന്നിംഗ്സുകളിൽ ഡക്കായി.
. 0, 4, 65, 20, 0, 24, 7 എന്നിങ്ങനെയാണ് കരീബിയൻ പര്യടനത്തിലെ പന്തിന്റെ സ്കോറുകൾ.
. റൺസ് നേടാത്തതിലുപരി അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നതാണ് പന്തിനെതിരായ ഏറ്റവും വലിയ വിമർശനം.
. പന്തിന് കൂടുതൽ അവസരങ്ങൾ നൽകി ധോണിക്ക് പകരക്കാരനാക്കാനാണ് സെലക്ടർമാർ ശ്രമിക്കുന്നത്. എന്നാൽ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താതിരുന്നാൽ പരിക്ക് മാറിയെത്തിയ സാഹയ്ക്ക് അവസരം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ വിരാട് കൊഹ്‌ലി (ക്യാപ്ടൻ) , കെ.എൽ. രാഹുൽ, മായാങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ്പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ജസ്‌പ്രീത് ബുംറ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, ഭുവനേശ്വർ.
വിൻഡീസ്: ജാസൺ ഹോൾഡർ, (ക്യാപ്ടൻ), ക്രെയ്ഗ് ബ്രാത്ത് വെയ്‌റ്റ്, ഡാരൻ ബ്രാവോ, ഷമാർ ബ്രുക്‌സ്, ജോൺ കാംപ്ബെൽ, റോസ്റ്റൺ ചേസ്, റഖീം കോൺവാൾ, ഷേൻ ഡോർവിച്ച്, ഷാനോൺ ഗബ്രിയേൽ, ഹെട്മേയർ, ഷായ് ഹോപ്പ്, കീമോ പോൾ, കെമർറോഷ്.
ധോണിയെ മറികടക്കാൻ
കൊഹ്‌ലി
. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്ടനെന്ന ധോണിയുടെ റെക്കാഡ് മറികടക്കാൻ വിരാട് കൊഹ്‌ലിക്ക് ഒറ്റ വിജയം കൂടിമതി.
. ആന്റിഗ്വയിലെ വിജയത്തോടെ കൊഹ്‌ലി ധോണിയുടെ 27 വിജയങ്ങളുടെ റെക്കാഡിനൊപ്പമെത്തിയിരുന്നു.
60 മത്സരങ്ങളിൽ നിന്നാണ് ധോണി 27 വിജയങ്ങൾ നൽകിയത്. കൊഹ്‌ലി 47 ടെസ്റ്റുകളിൽ നിന്നും.
. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ എന്ന സൗരവ് ഗാംഗുലിയുടെ റെക്കാഡും ആന്റിഗ്വയിൽ കൊഹ്‌ലി മറികടന്നിരുന്നു.