തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഓൺലൈൻ മോപ് അപ് കൗൺസലിംഗ് നടത്തും. സെപ്തംബർ ഒന്നിന് വൈകിട്ട് 5വരെ പുതുതായി ഓപ്ഷൻ നൽകാം. ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ്.

എൻട്രൻസ് കമ്മിഷണറുടെ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് www.cee.kerala.gov.in ൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും ഓപ്ഷൻ നൽകാം. സെപ്തംബർ രണ്ടിന് ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ സെപ്തംബർ മൂന്നു മുതൽ ആറുവരെ ഹെഡ്പോസ്റ്റോഫീസിലോ ഓൺലൈനായോ ഫീസടച്ച് 6ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.

അഖിലേന്ത്യാ ക്വോട്ടയിൽ ആയുർവേദ, സിദ്ധ, യുനാനി കോഴ്സുകളിൽ പ്രവേശനം നേടിയവർക്കും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയവർക്കും അലോട്ട്മെന്റിൽ പങ്കെടുക്കാനാവില്ല. അലോട്ട്മെന്റ് ഉത്തരവുകളും വിശദാംശങ്ങളും www.cee.kerala.gov.in, www.cee-kerala.org ൽ. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 2332123, 2339101, 2339102, 2339103, 2339104