തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സ്വതന്ത്രമായ സംഘടനാ പ്രവർത്തനം സാധിക്കാത്ത സാഹചര്യത്തിൽ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് കോളേജിലെ കെ.എസ്.യു യൂണിറ്റ് സംസ്ഥാന പൊലിസ് മേധാവിക്ക് കത്തയച്ചു.
കോളേജിൽ കെ.എസ്.യു യൂണിറ്റ് തുടങ്ങിയതു മുതൽ കാമ്പസിനുളളിലും പുറത്തും എസ്.എഫ്.ഐയുടെ ഭീഷണിയുണ്ട്. കെ.എസ്.യു യൂണിറ്റ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ കൃപേഷിന്റെയും ശരത്ലാലിന്റെയും അവസ്ഥ ഉണ്ടാകുമെന്നാണ് യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രനോടുള്ള ഭീഷണി..
കെ.എസ്.യു യൂണിറ്രിലെ മറ്ര് ഭാരവാഹികൾക്കും വധഭീഷണിയുണ്ട്.
കോളേജിലെ വധശ്രമക്കേസിനു ശേഷം പുതുതായി രൂപീകരിക്കപ്പെട്ട എസ്.എഫ്.ഐയുടെ അഡ്ഹോക് കമ്മിറ്റി അംഗങ്ങളിൽ നിന്നും മറ്റ് ഡിപ്പാർട്ട്മെന്റ് അംഗങ്ങളിൽ നിന്നും കാമ്പസിനുള്ളിൽ നിരന്തരമായ അധിക്ഷേപവും ഭീഷണിയുമാണ് നേരിടുന്നത്. . തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ കെ.എസ്.യുവിന് എതിരാക്കാനും സംഘർഷമുണ്ടാക്കി കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കാനുള്ള ഗൂഢ ശ്രമങ്ങളുമുണ്ട്. കെ.എസ്.യു അംഗത്വമെടുക്കാൻ താത്പര്യപ്പെടുന്നവരെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി ഭീഷണിപ്പെടുത്തുന്നു. വ്യാജ കേസുകളിൽ കുടുക്കുമെന്നും സമാധാനമായി പഠിക്കുന്നതിനോ പരീക്ഷ എഴുതുന്നതിനോ അനുവദിക്കില്ലെന്നും ഭയപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ഇസ്ലാമിക് ഹിസ്റ്ററി, കെമിസ്ട്രി വിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം
അന്വേഷിക്കാൻ ചെന്ന കെ.എസ്.യു ഭാരവാഹികളോട് 'തലമണ്ട അടിച്ച് പൊട്ടിക്കും, ഇലക്ഷൻ കഴിഞ്ഞാൽ വച്ചേക്കില്ലെന്ന് ' എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി അംഗം ചന്തുവും മറ്റും വെല്ലുവിളിച്ചു.
ഈ ഭീഷണികൾക്കും ഭീകരാന്തരീക്ഷത്തിനും കോളേജ് പ്രിൻസിപ്പലും ഇടത് അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ഒരു വിഭാഗം അദ്ധ്യാപകരും പിന്തുണ നൽകുന്നതായും കത്തിൽ പറയുന്നു.