. ആദ്യ ഏകദിനത്തിൽ 69 റൺസിന് ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ചു
. ആൾ റൗണ്ട് മികവുമായി അക്ഷർ പട്ടേൽ മാൻ ഒഫ് ദ മാച്ച്.
. ശിവം ദുബെ, (79), അക്ഷർ പട്ടേൽ (60) അർദ്ധ സെഞ്ച്വറി നേടി.
റീസ ഹെൻട്രിക്‌സിന്റെ (110) സെഞ്ച്വറി പാഴായി.
അൻസാർ എസ്.രാജ്
തിരുവനന്തപുരം : രാഹുൽ ദ്രാവിഡിന്റെ കുട്ടികൾ കാര്യവട്ടത്തെ കളിമുറ്റത്ത് മിന്നൽ പ്രകടനവുമായി ജ്വലിച്ചുയർന്നപ്പോൾ ദക്ഷിണാഫ്രിക്ക എ ടീമുമായുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ യ്ക്ക് 69 റൺസിന്റെ തകർപ്പൻ വിജയം.
തലേന്നത്തെ ജയത്തെത്തുടർന്ന് ഒൗട്ട് ഫീൽഡ് ഉണക്കാത്തതുകാരണം 47 ഒാവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീം ഉയർത്തിയത് 327/6 എന്ന സ്കോർ സന്ദർശകരുടെ മറുപടി 45 ഒാവറിൽ 258 റൺസിലൊതുങ്ങി.
ശിവം ദുബെ (60 പന്തുകളിൽ 79 നോട്ടൗട്ട്), അക്ഷർ പട്ടേൽ (36 പന്തുകളിൽ 60 നോട്ടൗട്ട്), ശുഭ്‌മാൻഗിൽ (46), അൻമോൽപ്രീത് (29) , മനീഷ് പാണ്ഡെ (39), ഇശാൻ കിഷൻ (37) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മറുവശത്ത് ഒാപ്പണർ റീസ ഹെൻട്രിക്സ് (110) സെഞ്ച്വറിയും പരിചയ സമ്പന്നനായ വിക്കറ്റ് വീപ്പർ ഹെൻറിച്ച് ക്ളാസൻ (58) അർദ്ധ സെഞ്ച്വറിയും നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 300 കടക്കാനായില്ല.
രാവിലെ ഗില്ലിന്റെ മികച്ച പ്രകടനവുമായാണ് ഇന്ത്യ തുടങ്ങിയത്. ഒൻപതാം ഒാവറിൽ 10 റൺസുമായി ഋതു ഗെയ്‌ക്ക് വാദ് പുറത്തായപ്പോൾ ഇന്ത്യ 54 റൺസിലെത്തിയിരുന്നു. അർദ്ധ സെഞ്ച്വറി പ്രതീക്ഷിച്ച ഗിൽ 12-ാം ഒാവറിലാണ് പുറത്തായത്. തുടർന്ന് അൻമോൽ പ്രീത് മനീഷ് പാണ്ഡെ, ഇശാൻ കിഷൻ എന്നിവർ പുറത്തായതോടെ ഇന്ത്യ 27.1 ഒാവറിൽ 169/5 എന്ന നിലയിലായി. ടീമിനെ 200 കടത്തിയശേഷം ക്രുനാൽ പാണ്ഡ്യയും മടങ്ങി.
തുടർന്ന് ക്രീസിൽ ഒരുമിച്ച ശിവം ദുബെയും അക്ഷർ പട്ടേലും ചേർന്ന് 67 പന്തുകളിൽ അടിച്ചുകൂട്ടിയ 121 റൺസാണ് ഇന്ത്യയെ 327 ലെത്തിച്ചത്. 60 പന്തുകൾ നേരിട്ട ദുബെ മൂന്ന് ഫോറുകളും ആറ് സിക്സുകളും പറത്തിയപ്പോൾ 36 പന്തുകൾ നേരിട്ട അക്ഷർ ആറ് ഫോറും മൂന്ന് സിക്സും പായിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി റീസ നന്നായി തുടങ്ങിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തുരന്നുകയറി. എട്ടാം ഒാവറിലെ ആദ്യപന്തിൽത്തന്നെ മലാനെ (18) പുറത്താക്കി യുസ്‌വേന്ദ്ര ചഹൽ ഇന്ത്യയ്ക്ക് ബ്രേക്ക് നൽകി. 14-ാം ഒാവറിൽ ബ്രീസ് കെ (6) യെയും ചഹൽ മടക്കി. 19-ാം ഒാവറിൽ നായകൻ ബൗമ (8) പാണ്ഡ്യയുടെ പന്തിൽ ബൗൾഡായി. ഇതോടെ ദക്ഷിണാഫ്രിക്ക 81/3 എന്ന നിലയിലായി.
നാലാം വിക്കറ്റിൽ സോജോയും (30) റീസയും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. 31-ാം ഒാവറിൽ ഖലീൽ സോജോയെ മടക്കി. എന്നാൽ തുടർന്നിറങ്ങിയ ക്ളാസനെ കൂട്ടി റീസ ടീമിനെ 208 ലെത്തിച്ചു. 39-ാം ഒാവറിൽ അക്ഷർ പട്ടേൽ റീസയെ ശുഭ്‌മാൻ ഗില്ലിന്റെ കൈയിലെത്തിച്ചതാണ് വഴിത്തിരിവായത്. തന്റെ തൊട്ടടുത്ത ഒാവറിൽ ലിൻ ഡേയെയും (0) പട്ടേൽ മടക്കി. പിന്നീട് ചഹൽ വാലറ്റത്തെ മൂന്ന് വിക്കറ്റുകൾകൂടി പിഴുത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആൾ റൗണ്ട് മികവ് പ്രകടിപ്പിച്ച അക്ഷർ പട്ടേലാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ വേദിയിൽ നടക്കും.
ഇന്നലെ മത്സരം വീക്ഷിക്കാൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് എത്തിയിരുന്നു.
സ്കോർ ബോർഡ്
ഇന്ത്യ എ ബാറ്റിംഗ് : റിതു ഗെയ്‌ക്ക്ഹദ് സി റീസ ഹെൻഡ്രക്സ് ബി ബ്യൂൺ ഹെൻഡ്രിക്സ് 10, ശുഭ്‌മാൻ ഗിൽ സി ലിൻഡെ ബി ഫോർ ടുയ്‌ൻ 46, അൻമോൽ പ്രീത് സി ക്ളാസൻ ബി ഡാല 29, മനീഷ് പാണ്ഡെ ബി ബ്യൂൺ ബാൻട്രിക്സ് 39, ഇശാൻ കിഷൻ സി ബൗമ ബി ഫോർടുയ്‌ൻ 37, ക്രുനാൽ പാണ്ഡ്യെ സി ക്ളാസൻ ബി നോർജെ 14, ശിവം ദുബെ നോട്ടൗട്ട് 79, അക്ഷർ പട്ടേൽ നോട്ടൗട്ട് 60, എക്‌സ്ട്രാസ് 13, ആകെ 47 ഒാവറിൽ 327/6.
വിക്കറ്റ് വീഴ്ച: 1-54, 2-72, 3-94, 4-169, 5-169, 6-209.
ദക്ഷിണാഫ്രിക്ക എബാറ്റിംഗ് : മലാൻ സി ഇശാൻ ബി ചഹൽ 18, റീസ സി ഗിൽ ബി അക്ഷർ 110, ബ്രീസ് കെ സി ഇശാൻ ബി ചഹൽ 6, ബൗമ ബി ക്രുനാൽ 8, സോണ്ടോ സി ചഹർ ബി ഖലീൽ 30, ക്ളാസൻ സി ഗിൽ ബി ചഹർ 58, ലിൻഡെ സി ആൻഡ് ബി അക്ഷർ 0, ഫോർമയ്‌ൻ നോട്ടൗട്ട് 12, ബ്യൂറൻ എൽ.ബി ബി ചഹൽ 2, ഡാല സി ഗിൽ ബി ചഹൽ 6, നോർജേ ബി ചഹൽ 0, വിക്കറ്റ് വീഴ്ച: 1-38, 2-64, 3-81, 4-147, 5-208, 6-230, 7-240, 8-243, 9-257, 10-258.
ബൗളിംഗ് : ദീപക് ചഹർ 9-0-64-1, ഖലീൽ 7-0-32-1, ചഹൽ 10-1-47-5, ക്രുനാൽ 9-0-51-1, അക്ഷർ 8-0-39-2, ദുബെ 2-0-20-0.