pinarayi-vijayan

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം പടരുമ്പോൾ പ്രതിപക്ഷത്തെ പ്രമുഖരായ ചിലർ ഭരണപക്ഷത്തെ ന്യായീകരിക്കാനിറങ്ങുന്നത് ജനാധിപത്യത്തിനു ആപത്കരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ സ്‌പേസസ് ഫെസ്റ്റ് കനകക്കുന്ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വെളിച്ചവും പൊലിഞ്ഞ് ഇരുണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ ഇന്ത്യ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കപ്പെടുമോയെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും മുഖ്യ​മന്ത്രി പറഞ്ഞു. ഭൂമിയെ പോലൊരു വാസസ്ഥലം പ്രപഞ്ചത്തിൽ ഒരിടത്തുമില്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം സംസ്ഥാനമാണ് കേരളം. ഇന്ന് 15 ദശലക്ഷം ഡോളറുണ്ടെങ്കിൽ നിങ്ങൾക്ക് ആറ് ദിവസം ബഹിരാകാശത്ത് കഴിയാം. ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേടാൻ കഴിയുന്നതിലധികം നേട്ടങ്ങൾ ഈ രംഗത്ത് കൈവരിക്കാൻ രാജ്യങ്ങൾ ഒന്നിച്ചുനിന്നാൽ സാധിക്കും. റഷ്യ അതിന് മുൻകൈ എടുക്കുന്നതാണ് ഉത്തമമെന്നും ശർമ്മ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടം സംബന്ധിച്ച തന്റെ റിപ്പോർട്ടിന്റെ പ്രാധാന്യം ജനങ്ങൾക്കിടയിൽ വേണ്ടവിധം എത്തിക്കാൻ കഴിയാതെ പോയെന്ന് വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്ത മാധവ് ഗാഡ്ഗിൽ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. കൗൺസിൽ ഒഫ് ആർക്കിടെക്ചർ വിജയ് ഗാർഗെയും സന്നിഹിതനായിരുന്നു. രവി ഡി.സി സ്വാഗതം പറഞ്ഞു. സെപ്തംബർ ഒന്നിന് ഫെസ്റ്റ് സമാപിക്കും.