. വനിതകളുടെ പോൾവാട്ടിൽ മൂന്ന് മെഡലുകളും കേരളത്തിന്
. 10000 മീറ്ററിൽ ഗോപിക്ക് സ്വർണം
ലക്‌നൗ : ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ഇന്ന് സമാപിക്കാനിരിക്കെ കേരളത്തിന്റെ മെഡൽക്കുതിപ്പ് മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ രണ്ട് വീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് കേരളം നേടിയത്. വനിതകളുടെ പോൾവാട്ടിൽ മൂന്ന് മെഡലുകളും സ്വന്തമാക്കിയത് കേരള താരങ്ങളാണ്. പുരുഷന്മാരുടെ 10000 മീറ്ററിൽ ടി. ഗോപിയും വനിതാപോൾ വാട്ടിൽ കൃഷ്ണ രചനുമാണ് ഇന്നലെ സ്വർണം നേടിയത്.
പോൾവാട്ടിൽ നിവ്യ ആന്റണിയും പുരുഷ ഹൈജമ്പിൽ ജിയോ ജോസും വെള്ളി നേടി. സിഞ്ജു പ്രകാശ് (പോൾവാട്ട്), ജിസ്‌ന മാത്യു (400 മീറ്റർ) എന്നിവർക്കാണ് വെങ്കലങ്ങൾ ലഭിച്ചത്.
3.80 മീറ്റർ ചാടിയാണ് കൃഷ്ണ രചൻ സ്വർണത്തിലേക്ക് എത്തിയത്. നിവ്യ ആന്റണി 3.60 മീറ്ററും സിഞ്ജു 3.30 മീറ്ററും ക്ളിയർ ചെയ്തു. 10000 മീറ്ററിൽ 30 മിനിട്ട് 52.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗോപി സ്വർണം നേടിയത്. ഉത്തർപ്രദേശിന്റെ അർജുൻ കുമാറിനാണ് വെള്ളി.
പുരുഷൻമാരുടെ ഹൈജമ്പിൽ മഹാരാഷ്ട്രയുടെ സർവേഷ് കുഷാരെ 2.23 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 2.21 മീറ്റർ ക്ളിയർ ചെയ്താണ് ജിയോ ജോസിന്റെ വെള്ളി. 2.19 മീറ്റർ ചാടിയ കർണാടകയുടെ ചേതന് വെങ്കലം ലഭിച്ചു.
ഇന്നലെ ഏറ്റവും ആവേശകരമായ മത്സരം നടന്നത് വനിതകളുടെ 400 മീറ്ററിലാണ്. ഹരിയാനയുടെ അഞ്ജലി ഇന്റർനാഷണൽ താരങ്ങളായ സരിത ഗേയ്‌ക്ക് വാദിനെയും ജിസ്‌ന മാത്യുവിനെയും പിന്നിലാക്കി സ്വർണം നേടി. 51.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത അഞ്ജലി ദോഹ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാമാർക്ക് മറികടക്കുകയും ചെയ്തു. കഴിഞ്ഞവർഷം അഞ്ജലി ഗോഹട്ടിയിൽ ഒാപ്പൺ നാഷണൽസിൽ ലോക ചാമ്പ്യൻഷിപ്പ് നേടിയിരുന്നതാണ്. അതിനുശേഷം പരിക്കുമൂലം ട്രാക്കിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സരിത 52.96 സെക്കൻഡിലും ജിസ്ന 53.08 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
പോൾവാട്ട്
3.80 മീറ്റർ
കൃഷ്ണ രചൻ
സ്വർണം
3.60
നിവ്യ ആന്റണി
വെള്ളി
3.30
സിഞ്ജു പ്രകാശ്
വെങ്കലം