ന്യൂഡൽഹി : ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ താരം ഇളവേണിൽ വാളറിവന് സ്വർണം. ജൂനിയർ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള ഇളവേണിലിന്റെ സീനിയർ തലത്തിലെ ആദ്യ ലോകകപ്പ് സ്വർണമാണിത്. ഫൈനലിൽ പരിചയ സമ്പന്നയായ ഇന്ത്യൻ താരം അൻജും മൗദ്ഗിലിനെയും മുൻ ലോക കപ്പ് സ്വർണ ജേതാവ് ചൈനീസ് തായ്പേയ്യുടെ യിംഗ്-ഷിൻ ലോംഗിനെയും പിന്തള്ളിയാണ് ഇൗ 20 കാരി സ്വർണത്തിലെത്തിയത്. അഞ്ജലി ഭഗവതിനും അപൂർവി ചന്ദേലയ്ക്കും ശേഷം 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമാണ് ഇളവേണിൽ.
ട്വന്റി 20 യ്ക്ക് ധോണിയില്ല
മുംബയ് : അടുത്തമാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയിലും മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താകും കളിക്കുക. ലോകകപ്പിന് ശേഷം വിൻഡീസ് പര്യടനത്തിൽനിന്ന് ധോണി വിട്ടുനിന്നിരുന്നു. ഹാർദിക് പാണ്ഡ്യ ട്വന്റി 20 ടീമിലേക്ക് തിരിച്ചുവന്നപ്പോൾ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വറിനും വിശ്രമം നൽകി. ഖലീൽ അഹമ്മദ്, നവ്ദീവ് സെയ്നി, ദീപക് ചഹർ എന്നിവർ പേസർമാരായി ടീമിലുണ്ട്.
മെൻഡിസ് വിരമിച്ചു
ന്യൂഡൽഹി : അസാദ്ധ്യമായി തിരിയുന്ന പന്തുകളുമായി 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റ വിസ്മയം സൃഷ്ടിച്ച ശ്രീലങ്കൻ സ്പിന്നർ അജാന്ത മെൻഡിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 34 കാരനായ അജാന്ത 2015 ലാണ് അവസാനമായി ശ്രീലങ്കൻ കുപ്പായത്തിൽ കളിച്ചത്. മൂഫ് ഫോർമാറ്റുകളിൽ നിന്നുമായി 288 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2008 ലെ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 13 റൺസ് നൽകി ആറ് വിക്കറ്റ് വീഴ്ത്തിയാണ് മെൻഡിസ് ശ്രദ്ധേയനായത്.
ദീപ ഖേൽരത്ന ഏറ്റുവാങ്ങി
ന്യൂഡൽഹി : ദേശീയ കായിക ദിനമായ ഇന്നലെ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു. പാരാലിമ്പിക്സ് താരം ദീപാ മല്ലിക് ഖേൽ രത്ന പുരസ്കാരം ഏറ്റുവാങ്ങി. ഖേൽ രത്ന ലഭിക്കുന്ന ആദ്യ വനിതാ പാരാലിമ്പിക്സ് താരമാണ് ദീപ. ദീപയ്ക്കൊപ്പം ഖേൽ രത്നയ്ക്ക് അർഹനായിരുന്ന ഗുസ്തിതാരം ബജ്റംഗ് പൂനിയ റഷ്യയിൽ പരിശീലനത്തിലായതിനാൽ ചടങ്ങിനെത്തിയില്ല. ബാഡ്മിന്റൺ താരം സായ് പ്രാണീത്, വനിതാ ക്രിക്കറ്റർ പൂനം യാദവ്, അത്ലറ്റ് സ്വപ്ന ബർമൻ, ഫുട്ബാളർ ഗുർപ്രീത് സന്ധു തുടങ്ങിയവർ അർജുന അവാർഡ് സ്വീകരിച്ചു. ലക്നൗവിൽ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനാൽ മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ചടങ്ങിനെത്തിയില്ല.
എൽ.എൻ.സി.പിയിൽ
കായിക ദിനാഘോഷം
തിരുവനന്തപുരം: കാര്യവട്ടം സായ് എൽ.എൻ.സി.പിയിൽ ദേശീയ കായിക ദിനാഘോഷവും ഫിറ്റ് ഇന്ത്യ മൂവ്മെന്റും ആഘോഷിച്ചു. ഇന്നലെ രാവിലെ 8ന് നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം കായികദിനാഘോഷ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം കായിക രംഗത്ത് മികവ് തെളിച്ച താരങ്ങളെ ആദരിക്കുകയും എയ്റോബിക്സ് ഡിസ്പ്ലേയിൽ പങ്കെടുക്കുകയും ചെയ്തു.എ.ഡി.ജി.പി സന്ധ്യ, സഞ്ജയൻ കുമാർ, കെ.എം.ബീനാമോൾ, ജി. കിഷോർ എന്നിവർ സംസാരിച്ചു.