തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ 165-ാമത് ശ്രീനാരായണ ഗുരുദേവജയന്തി സെപ്തംബർ 11, 12, 13 തീയതികളിൽ നടത്തുമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
11ന് രാവിലെ വിശേഷാൽ പൂജയ്ക്കുശേഷം ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. തുടർന്ന് ഗുരുദക്ഷിണ വനിതാസ്വയംസഹായ സംഘം അവതരിപ്പിക്കുന്ന ഗുരുദേവ കീർത്തനങ്ങൾ. ഉച്ചയ്ക്ക് 12ന് തിരുവോണസദ്യ, വൈകിട്ട് 5ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം ഗുരുകുലം ബാലവേദി അവതരിപ്പിക്കും. രാത്രി 7ന് ശ്രീഭദ്രാ ഡാൻസ് അക്കാഡമിയുടെ ഡാൻസ്. 12ന് രാവിലെ 10ന് ആതിരാറാണി മംഗലത്തുകോണം അവതരിപ്പിക്കുന്ന സംഗീതഗാനസുധ, ഉച്ചയ്ക്ക് 12ന് വിശേഷാൽ അന്നദാനം, വൈകിട്ട് 6ന് ജി. മീരാലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, രാത്രി 8ന് ശ്രീലക്ഷ്മി നൃത്തസംഗീത വിദ്യാലയം പുലയനാർകോട്ട അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് 'നൃത്തസന്ധ്യ'.
ജയന്തിദിനമായ 13ന് രാവിലെ 6ന് തിരുപ്പിറവി പൂജയും സമൂഹപ്രാർത്ഥനയും വയൽവാരംവീട്ടിൽ,10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേയർ വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ എം. മുകേഷ് വിശിഷ്ടാതിഥിയായിരിക്കും. മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ ജി. മോഹൻദാസ് വിദ്യാഭ്യാസ അവാർഡുകൾ നൽകും. എം.എ. വാഹീദ്, ടി. ശരത്ചന്ദ്രപ്രസാദ്, ഡോ. ഷാജി പ്രഭാകരൻ, ഡോ. ഡി. രാജു, ഡോ. ജിത എസ്.ആർ, എം. പ്രസന്നകുമാർ, അണിയൂർ ജയകുമാർ, ഷൈജു പവിത്രൻ, കുണ്ടൂർ എസ്. സനൽ എന്നിവർ സംസാരിക്കും. സാഹിത്യമത്സരത്തിൽ വിജയികളായവർക്കുള്ള അവാർഡുകൾ നൽകും. 11 മുതൽ ഗുരുപൂജയും സമൂഹസദ്യയും. വൈകിട്ട് 4ന് ഗുരുകുലത്തിൽനിന്നു ആരംഭിക്കുന്ന ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ അദ്ധ്യക്ഷതയിൽ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സുരേഷ്, ഉഴമലയ്ക്കൽ വേണുഗോപാൽ, സി. സുദർശനൻ, എസ്. ജ്യോതിസ്ചന്ദ്രൻ, പി. മഹാദേവൻ, ജയശങ്കർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുകുലത്തിൽ നിന്നു ആരംഭിച്ച് ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി ഗുരുകുലത്തിൽ രാത്രി 10 ന് സമാപിക്കുന്ന രീതിയിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്.
വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ ജയന്തിസന്ദേശവും, സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. അടൂർ പ്രകാശ്, ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളാകും. കെ.പി. ശങ്കരദാസ് മുഖ്യപ്രസംഗം നടത്തും. സ്വാമി ശുഭാംഗാനന്ദ, ഡോ. എം.ആർ. യശോധരൻ, കെ.എസ്. ഷീല, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 10ന് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം ടീം അവതരിപ്പിക്കുന്ന 'കോമഡി ഉത്സവം മെഗാഷോ'യും ഉണ്ടായിരിക്കും. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സെപ്തംബർ 7, 8, 9 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം 7ന് രാവിലെ 9ന് ഗിരീഷ് പുലിയൂർ നിർവഹിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് 0471 2595121 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.