തിരുവനന്തപുരം : ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നഗരത്തിന്റെ വിവിധയിടങ്ങളിൽ മരങ്ങൾ നിലംപൊത്തി. പ്രധാനറോഡുകളിലും ഇടറോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. പലയിടങ്ങളിലും ഏറെ നേരം വൈദ്യുതി ബന്ധം തകരാറിലായി. പട്ടം എൽ.ഐ.സി ഭാഗത്തും പേയാട് ഡി.പി.ഐ ജംഗ്ഷനിലും മരംവീണ് നാശനഷ്ടമുണ്ടായി. പട്ടത്ത് എൽ.ഐ.സി കാട്ടിൽ പുത്തൻവീട്ടിൽ പരമേശ്വരൻ നായരുടെ വീടിന്റെ കാർ പോർച്ചിന്റെ ഭാഗം മരം വീണ് തകർന്നു. എൽ.ഐ.സി ഓഫീസ് കോമ്പൗണ്ടിനു പിറകിൽ നിന്ന കൂറ്റൻ തേക്കുമരം നിലംപൊത്തി ഇവിടെ പാർക്കു ചെയ്തിരുന്ന മൂന്ന് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും ഭാഗികമായി തകർന്നു. കാറുകളുടെ പിറകുവശമാണ് തകർന്നത്. ഡി.പി.ഐ ജംഗ്ഷനു സമീപം തണൽമരം നിലംപൊത്തി ഗതാഗതം തടസപ്പെട്ടു. ഇവിടെ റോഡുവശത്തെ നിരവധി പോസ്റ്റുകൾ മരംവീണ് തകർന്നതോടെ വൈദ്യുതബന്ധം താറുമാറായി. ചെങ്കൽച്ചുള്ളയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർമാരായ തുളസീധരൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. കിഴക്കേകോട്ട, തമ്പാനൂർ എസ്.എസ്.കോവിൽ റോഡ്, പവർഹൗസ് റോഡ്, വഞ്ചിയൂർ, എന്നിവിടങ്ങളിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതത്തെ സാരമായി ബാധിച്ചു.