കൊട്ടാരക്കര: വൃക്ക വ്യാപാരം നടത്തി കോടികൾ തട്ടിയ സംഘത്തിൽ പത്തോളം പേർ ഉൾപ്പെട്ടിട്ടുള്ളതായും രണ്ടുപേർ ഉടൻ പിടിയിലാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. കരുനാഗപ്പള്ളി മേഖലയിലുള്ള രണ്ടുപേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. വൃക്കദാതാക്കളെ കണ്ടെത്തി വ്യാജരേഖകൾ ചമച്ച് ഇടപാട് നടത്തിവരുന്ന സംഘത്തിലെ പ്രധാനികളായ ശാസ്താംകോട്ട മുതുപിലാക്കാട് മംഗലത്ത് വീട്ടിൽ അജയൻ (46), പുനലൂർ വാളക്കോട് പ്ളാച്ചേരി ചരുവിള വീട്ടിൽ രമേശ് (29), കരുനാഗപ്പള്ളി ഗവ.ആശുപത്രിക്ക് സമീപം ചൈത്രത്തിൽ രതീഷ് (27) എന്നിവരെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
പ്രതി അജയൻ ഒരു പൊലീസ് ഓഫീസറുടെ അടുത്ത ബന്ധുവാണ്. നൂറിലധികം രോഗികൾക്ക് വൃക്ക തരപ്പെടുത്തി നൽകിയെന്നാണ് പ്രാഥമിക സൂചന. ഈ ഇനത്തിൽ പത്ത് കോടി രൂപ രോഗികളുടെ ബന്ധുക്കളിൽ നിന്നു വാങ്ങിയതായും കരുതുന്നു. വൃക്ക വാഗ്ദാനം നടത്തി 25 പേരിൽ നിന്ന് ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപാവരെ അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. വൃക്ക ദാതാവിന് അഞ്ച് ലക്ഷം രൂപയാണ് സാധാരണ നൽകാറുള്ളത്. ബാക്കി തുക സംഘത്തിലെ അംഗങ്ങൾ പങ്കിട്ടെടുക്കും.
തെരുവിൽ അലയുന്നവർ, മദ്യപാനികൾ, തീർത്തും സാധാരണക്കാർ എന്നിവരുടെ വൃക്കയും എടുക്കാറുണ്ട്. ഇവർക്ക് ചെറിയ തുക മാത്രമേ നൽകാറുള്ളു. ഇത്തരക്കാർക്ക് വേണ്ടുന്ന രേഖകളെല്ലാം വ്യാജമായി തയ്യാറാക്കും. ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണം ഊർജ്ജിതമാണെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.