കൊട്ടാരക്കര: സമ്മാനച്ചിട്ടി നടത്തി ലക്ഷങ്ങളുമായി മുങ്ങിയ കേസിൽ അറസ്റ്റിലായ ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ്.കെ.നിവാസിൽ സജികുമാർ (42) ചിറ്റാളന്മാരുടെ വിശ്വാസം സമ്പാദിച്ച് ഇവർക്കായി സത്കാരവും നടത്തിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് മുങ്ങിയത്. രണ്ട് കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ജീവനക്കാരുൾപ്പടെ നാലുപേരെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് കേന്ദ്രീകരിച്ച് സ്ഥാപിച്ച എസ്.കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ ട്രസ്റ്റ്) എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. ദിവസപ്പിരിവ്, ആഴ്ചപ്പിരിവ്, മാസപ്പിരിവ് എന്നിങ്ങനെയാണ് ചിട്ടി നടത്തിയിരുന്നത്. കാർ, ഇരുചക്ര വാഹനം, കമ്പ്യൂട്ടർ, ടെലിവിഷൻ, കസേര, പാത്രങ്ങൾ, പട്ടുസാരി തുടങ്ങി സമ്മാനങ്ങളും പ്രഖ്യാപിച്ചു. നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നവർ തുടർന്ന് പണം അടയ്ക്കേണ്ടതുമില്ല. അതുകൊണ്ടുതന്നെ ധാരാളംപേർ ചിട്ടിയിൽ ചേർന്നു.
1500ൽപ്പരം ആൾക്കാരിൽനിന്ന് വൻതുക പിരിച്ചെടുത്തെങ്കിലും സമയത്ത് സമ്മാനങ്ങൾ നൽകിയില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിറ്റാളന്മാരെ വിളിച്ചുകൂട്ടി വലിയ സത്കാരവും നടത്തി. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവർക്കും സമ്മാനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയ ശേഷം സജികുമാർ മുങ്ങുകയായിരുന്നു. തുടർന്നാണ് നൂറുകണക്കിന് ആളുകൾ സജികുമാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. തമിഴ്നാട് അടക്കം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചശേഷം തിരുവനന്തപുരം വിഴിഞ്ഞം തീരമേഖലയിൽ താമസത്തിനെത്തിയതായി റൂറൽ എസ്.പി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചു. കൊട്ടാരക്കര സി.ഐ ടി.ബിനുകുമാർ, എസ്.ഐ സാബുജി , എസ്.സി.പി.ഒ അനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.