-ajantha-mendis

മൊരത്തുവ...ശ്രീലങ്കൻ ക്രിക്കറ്റിലെ പ്രഗത്ഭരായ താരങ്ങളെ സമ്മാനിച്ച നാട്. ദുലീപ് മെൻഡിസ്, സുശീൽ ഫെ‌ർനാൻഡോ, റോജർ വിജേസൂര്യ, അമൽ സിൽവ, റോമേഷ് കലുവിതരണ, ലാഹിരു തിരിമന്നെ, പ്രസന്ന ജയവർദ്ധനെ, ആഞ്ചലോ പെരേര, വിശ്വ ഫെർനാൻഡോ, അമില അപോൻസോ, സധീര സമരവിക്രമ....പിന്നെ കഴി‌ഞ്ഞ ദിവസം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റിന്റെ ' നിഗൂഡ ബൗളർ' അജാന്ത മെൻഡിസ് ! അതിവേഗം കത്തിപ്പടർന്ന് അതേ വേഗത്തിൽ അണയുകയും ചെയ്‌ത താരമായിരുന്നു മെൻഡിസ്.

കളിക്കിടെ തന്റെ മൂത്ത സഹോദരങ്ങളെ പരാജയപ്പെടുത്തുമ്പോൾ ഇളയവന് ലഭിക്കുന്ന അതേ അഭിമാനവും ആഹ്ലാദവുമാണ് ലങ്കയ്‌ക്ക് ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിക്കുമ്പോഴും. ഇന്ത്യൻ ടീമിനെ അതിശക്തമായി ലങ്ക മുട്ടുകുത്തിച്ചിട്ടുണ്ടെങ്കിൽ അത് മെൻഡിസ് ജ്വലിച്ച് നിൽക്കുമ്പോഴാണ്. ജാക്ക് ഐവേഴ്സണിനും ജോൺ ഗ്ലീസനും ശേഷം ക്രിക്കറ്റ് ലോകത്തെ നിഗൂഡതകളാൽ വിസ്‌മയിപ്പിച്ച താരം. വളരെ കൃത്യതയോടെ ഓഫ് - ബ്രേക്കുകളുടെയും ടോപ്പ് സ്‌പിന്നറുകളുടെയും ഗൂഗ്ലികളുടെയും മിശ്രിതം മെൻഡിസിന്റെ കരങ്ങളിൽ വിരിഞ്ഞു. പക്ഷേ, മെൻഡിസിനെ മാരകമാക്കിയത് ' കാരം ബോൾ ' ആണ്. നടുവിരലിൽ തട്ടി കുതിച്ചെത്തുന്ന മെൻഡിസിന്റെ കാരം ബോൾ ബാറ്റ്സ്‌മാൻമാരെ വിറപ്പിച്ചു.

സെന്റ് സെബാസ്റ്റ്യൻസും പ്രിൻസ് ഒഫ് വെയ്ൽസുമാണ് മൊരത്തുവയിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സ്‌കൂളുകൾ. ഈ രണ്ടു സ്‌കൂളുകളിലും മെൻഡിസ് പഠിച്ചില്ല. രണ്ടു സ്‌കൂളുകളിലെയും ഭീമമായ ഫീസ് നൽകാനുള്ള പണം മെൻഡിസിന്റെ മാതാപിതാക്കളുടെ പക്കലില്ലായിരുന്നു. അസുഖ ബാധിതതനായ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ചുമതല മെൻഡിസിന്റെ ചുമലിലായി. മെൻഡിസിന് തന്റെ കഴിവുകൾ ഉപയോഗിച്ച് കൊളംബോയിലെ ഒരു ഫസ്റ്റ് - ക്ലാസ് ക്ലബിൽ പോലും സ്ഥാനം നേടാൻ കഴിഞ്ഞില്ല. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ ആർമിയിലേക്കുള്ള വാതിൽ മെൻഡിസിന് മുന്നിൽ തുറന്നു. മെൻഡിസ് ആർട്ടിലറി റെജിമെന്റിൽ ഗണ്ണറായി ചേർന്നു. ഇന്റർ റെജിമന്റ് ക്രിക്കറ്റ് മത്സരങ്ങളിൽ മെൻഡിസ് അരങ്ങ് തകർത്തു. അവിടെ നിന്നുമാണ് മെൻഡിസ് തന്റെ യാത്ര ആരംഭിക്കുന്നത്.

മെൻഡിസിന്റെ കാരം ബോളുകൾ ലങ്കൻ ബാറ്റ്സ്മാൻമാരെ കുഴപ്പിച്ചു. പാകിസ്ഥാനിൽ അരങ്ങേറാൻ പോകുന്ന ഏഷ്യാകപ്പിന് മുമ്പുള്ള വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മെൻഡിസിന്റെ പേര് ഉയർന്നെങ്കിലും സെലക്ഷൻ കമ്മിറ്റി അത് തള്ളി. മെൻഡിസ് ആദ്യം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കഴിവ് തെളിയിക്കട്ടെയെന്ന് സെലക്ടർമാർ പറഞ്ഞു. എന്നാൽ മെൻഡിസിന് വേണ്ടി മഹേല ജയവർദ്ധനെയും ട്രിവർ ബെയ്ലിസും ശബ്ദമുയർത്തിയതോടെ സെലക്ടർമാർക്ക് വഴങ്ങേണ്ടി വന്നു.

പിന്നീട് നടന്നത് ചരിത്രം. ലാഹോറിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ലങ്ക ഉയർത്തിയ 274 എന്ന ലക്ഷ്യം ഇന്ത്യ നിസാരമായാണ് കണ്ടത്. പക്ഷേ, കാരം ബോളുകളുമായി മെൻഡീസ് ഇന്ത്യയെ അമ്മാനമാടി. 100 റൺസിന് ഇന്ത്യയെ എറി‌ഞ്ഞ് വീഴ്‌ത്തി. 13 റൺസ് വഴങ്ങി 6 വിക്കറ്റ് മെൻഡസ് വീഴ്‌ത്തി. ആഴ്‌ചകൾക്ക് ശേഷം ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ലങ്കയിലെത്തി. ലങ്കയ്ക്ക് അതൊരു വെല്ലുവിളി തന്നെയായിരുന്നു. കാരണം ഏഷ്യാകപ്പ് ഫൈനലിൽ ദ്രാവിഡ്, ടെന്റുൽകർ, ലക്ഷ്‌മൺ, ഗാംഗുലി എന്നീ വമ്പൻമാരെ ഒന്നും അന്ന് ലങ്കയ്‌ക്ക് നേരിടേണ്ടി വന്നില്ല. പക്ഷേ, മെൻഡിസിന് ആ പ്രതിസന്ധി മറികടക്കാൻ സാധിച്ചു. പരമ്പരയിൽ നിന്നും 26 വിക്കറ്റുകൾ സ്വന്തമാക്കി മെൻഡിസ് റെക്കോർഡ് നേടി. ഇന്ത്യയ്ക്കു മേൽ അവസാനമായി ലങ്ക ടെസ്റ്റ് പരമ്പര നേടുന്നത് അന്നാണ്.

മെൻഡിസിന്റെ നിഗൂഡ ബൗളിംഗിലെ രഹസ്യം വൈകാതെ ഇന്ത്യയും മറ്റു ടീമുകളും മനസിലാക്കി. അതോടെ മെൻഡിസിന്റെ പ്രതാപം അസ്‌തമിച്ചു. പുതിയ വിദ്യകളൊന്നും പഠിക്കാൻ മെൻഡിസിന് അവസരം കിട്ടിയതുമില്ല. 2015ലാണ് മെൻഡിസ് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഒരു തിരിച്ചു വരവ് നടത്താമായിരുന്നെങ്കിലും മെൻഡിസ് 34ാം വയസിൽ ക്രിക്കറ്റിനോട് വിടപറയാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിനെ വെള്ളം കുടിപ്പിച്ച ലങ്കൻ ബോളർ എന്ന പേരിൽ മെൻഡിസ് എക്കാലവും അറിയപ്പെടും.


കാരം ബോൾ

കാരം ബോർഡ് കളിയിൽ ഒരു സ്ട്രൈക്ക് തട്ടിതെറിപ്പിക്കുന്നത് പോലെയുള്ള നടുവിരൽ ഉപയോഗിച്ചുള്ള സ്പിൻ ബോളിംഗ് ആണിത്. 1950 കളിൽ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ജാക്ക് ഐവേഴ്സൺ ആണ് ഇത് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം 2008ൽ അജാന്ത മെൻഡിസ് കാരം ബോളിലൂടെ ശ്രദ്ധ നേടി. പിന്നീട് 2011ൽ ഇന്ത്യയുടെ ആർ. അശ്വിനും കാരം ബോൾ ശൈലിയിലൂടെ പ്രസിദ്ധനായി.

വിക്കറ്റുകൾ

 19 ടെസ്റ്റ് - 70

 87 ഏകദിനങ്ങൾ - 152

 39 ട്വന്റി 20 - 66

 19 ഏകദിനങ്ങളിൽ നിന്നും ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡിട്ടു.

 2018ൽ തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി അരനൂറ്റാണ്ടോളം പഴക്കമുള്ള സർ അലക് ബെഡ്സറുടെ റെക്കോർഡ് തകർത്തു.