തിരുവനന്തപുരം: ഓണത്തിന് നാട്ടിലെത്താനൊരുങ്ങുന്ന മലയാളികൾക്ക് ഇത്തവണയും ചെലവേറും. വലിയ തിരക്ക് അനുഭവപ്പെടുന്ന അടുത്ത മാസം ഇരട്ടി നിരക്കാണ് സ്വകാര്യ ബസുകൾ ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. ബുക്കിംഗ് സൈറ്റുകളിലും മറ്റും ഉത്രാടത്തലേന്നത്തെ ബംഗളുരു -തിരുവനന്തപുരം ടിക്കറ്റിന് രണ്ടായിരത്തിനു മുകളിലാണ് നിരക്ക്. ചില ബസുകൾ 2500 രൂപ വരെ ഈടാക്കുന്നുണ്ട്.
തിരക്ക് കാരണം പറയുന്ന നിരക്കിൽ യാത്ര ചെയ്യേണ്ട അവസ്ഥയി ലാണ് മലയാളികൾ. അടുത്ത കാലത്ത് സ്വകാര്യ ബസുകളെപ്പറ്റി നിരവധി പരാതികളാണ് ഉയർന്നിട്ടും ടിക്കറ്റിന്റെ പേരിലുള്ള കൊള്ളയ്ക്ക് അറുതിയില്ല. യാത്രക്കാരുടെ സുരക്ഷ, അടിസ്ഥാന സൗകര്യമില്ലായ്മ തുടങ്ങി നിരവധി പോരായ്മകൾ യാത്രക്കാർ ചൂണ്ടി കാണിക്കുന്നുണ്ട്. എന്തെങ്കിലും കാരണത്താൽ സർവീസ് മുടങ്ങിയാൽ പകരം സംവിധാനം ഒരുക്കുന്നതിലും ഇവർ പരാജയമാണ്. ചുരുക്കം സ്വകാര്യ ബസുകൾ നല്ല സേവനം നൽകുന്നുമുണ്ട്.
ആശ്വാസമായി സർക്കാർ ബസുകൾ
ടിക്കറ്റ് നിരക്കായി സ്വകാര്യൻ കൂടിയ നിരക്ക് ഈടാക്കുമ്പോൾ ആശ്വാസമാകുന്നത് കേരളം, കർണാടകം, തമിഴ്നാട് സർക്കാർ ബസുകളാണ്. സ്‌കാനിയ, വോൾവോ, സൂപ്പർ ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ കേരളം നടത്തുന്നുണ്ട്. സ്‌കാനിയയിൽ ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തു എത്താൻ 1450 രൂപയാണ് നിരക്ക്. എന്നാൽ മലയാളികളുടെ ദീർഘകാല ആവശ്യമായ ചെന്നൈ സർവീസ് ഇതുവരെയും ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല.
തമിഴ്‍നാട് എക്സ്‌പ്രസ് ബസുകൾ ചെന്നൈയിൽ നിന്നും സർവീസ് നടത്തുന്നുണ്ടെങ്കിലും മധുരൈ വഴിയാണ്. അതുകൊണ്ട് തിരുവനന്തപുരം ഒഴികെയുള്ള ജില്ലക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. മറ്റു ജില്ലകളിലേക്ക് തമിഴ്‍നാട് എക്സ്‌പ്രസ് സർവീസുകൾ ഉണ്ടെങ്കിലും താരതമ്യേന കുറവാണ്.
ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരു ഡീലക്സ് ബസും ഒരു എ.സി സ്ലീപ്പർ ബസും ഉണ്ട്. സേലം, മധുരൈ, നാഗർകോവിൽ വഴി നടത്തുന്ന ഈ സർവീസുകളിൽ 875 രൂപയും 1080 രൂപയുമാണ് യഥാക്രമം നിരക്കുകൾ.
ഓണക്കാലത്ത് കർണാടക റോഡ് ട്രാൻസ്‌പോർട്ട് സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്കായിരിക്കും സർവീസുകൾ.
നിരക്കുകൾ സ്വകാര്യ ബസുകളെ അപേക്ഷിച്ച് വളരെ കുറവായതു കൊണ്ട് തന്നെ ഓണകാലത്തേക്കുള്ള സീറ്റുകളിൽ ഏകദേശവും ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ബസുകളുടെ കൊള്ള ഒഴിവാക്കാനായി ഓണക്കാലത്ത് സർക്കാർ കൂടുതൽ ബസുകൾ സർവീസ് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
ബംഗളുരു-തിരുവനന്തപുരം
കെ എസ് ആർ ടി സി ബസ് സമയം (ഉച്ചയ്ക്ക്)
1:00 → 05:45 (സ്‌കാനിയ)
2:15 → 06:00(സ്‌കാനിയ)
3:30 → 07:30(വോൾവോ)
5:00 → 08:15 (സ്‌കാനിയ)
6:05 → 09:00 (സ്‌കാനിയ)(കോട്ടയം വഴി)
ബംഗളുരു-എറണാകുളം (സൂപ്പർ ഡീലക്സ് ) (ഉച്ചയ്ക്ക്)
5:01 → 04:30
4:45 → 05:30
6:15 → 05:40
6:34 → 06:04
7:00 → 06:30
8:00 → 05:50