കാടുകൾ പ്രകൃതിയുടെ ശ്വാസകോശങ്ങളാണ്. ജീവജാലങ്ങൾ ഉച്ഛാസ വായുവിലൂടെ പുറന്തള്ളുന്ന, വ്യവസായ ശാലകളും, വാഹനങ്ങളും പുറത്തുവിടുന്ന, ജൈവാജൈവ മാലിന്യങ്ങൾ കത്തുമ്പോഴുണ്ടാകുന്ന, വാതകങ്ങളിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്നത് കാർബൺ ഡയോക്സൈഡാണ്.
ഹരിത ഗൃഹവാതകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വാതകം. ഭൗമാന്തരീക്ഷത്തിലെത്തുന്ന സൂര്യതാപത്തെ തടഞ്ഞുനിറുത്തി, അന്തരീക്ഷ താപനില ഉയരുന്നതിനും, അങ്ങനെ ആഗോളതാപനത്തിനും അതിന്റെ പരിണിത ഫലമായ, കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾക്കും വഴിയൊരുക്കുന്ന ഘടകം. ഈ കാർബൺ ഡയോക്സൈഡ് ഉപയോഗിച്ച് ഹരിത സസ്യങ്ങൾ, പ്രകാശ സംശ്ളേഷണത്തിലൂടെ അന്നജമുണ്ടാക്കുന്നു. അതിന്റെ ഉപോത്പന്നമായ ഓക്സിജൻ എന്ന പ്രാണവായുവിനെ അന്തരീക്ഷത്തിലേക്ക് വിട്ടുതരുന്നു. ഈ രണ്ട് വാതകങ്ങളുടെയും ക്രയവിക്രയം, ജീവശരീരത്തിൽ നിർവഹിക്കുന്ന ശ്രേഷ്ഠമായ അവയവമാണ് ശ്വാസകോശങ്ങൾ. പ്രകൃതിയിൽ ഈ ധർമ്മം അനുഷ്ഠിക്കുന്ന നിബിഡമായ ഉഷ്ണമേഖലാ മഴക്കാടുകളാണ് ആമസോൺ മേഖലയിലുള്ളത്. ലോകത്താകമാനമുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ 50 ശതമാനവും ഇവിടെയാണ്. 70 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആമസോൺ മേഖല ഒൻപത് രാജ്യങ്ങളിലായി നിലകൊള്ളുന്നു. 60 ശതമാനത്തോളം പ്രദേശങ്ങൾ ബ്രസീലിന്റെ ഭാഗമാണ്. മഴക്കാടുകൾക്ക് 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അതുകൊണ്ടാണ് ഈ പ്രദേശത്തെ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. ആ ശ്വാസകോശങ്ങൾക്കാണ് തീപിടിച്ചത്. 2019 ആഗസ്റ്റ് 15 മുതൽ 9,500 പ്രദേശങ്ങളിൽ തീ പടർന്നു കത്തുകയാണ്. 2019ൽ തന്നെ 76,000 തവണയാണ് ഈ മഴക്കാടുകളിൽ കാട്ടുതീയുണ്ടായിട്ടുള്ളത്. 1345 ചതുരശ്ര കിലോമീറ്റർ വിസ്തൃതി കുറഞ്ഞതായാണ് ഈ ജൂലായിൽ നടന്ന പഠനത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
'ആമസോണിലെ കാട്ടുതീ" ഒരു പുതിയ കാര്യമല്ല. കൃഷിഭൂമിയുടെ വിസ്തൃതി കൂട്ടാൻ വേണ്ടിയും, തടിവെട്ടുകാരുടെ സൗകര്യത്തിനായും, വർഷംതോറും വേനൽക്കാലത്ത് ബോധപൂർവം നടത്തിവന്ന ഒരു നാടകമായിരുന്നു അതെങ്കിൽ, ഇത്തവണ കളി കാര്യമായി. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായ കാട്ടുതീയെക്കാൾ 84 ശതമാനം അധികമായി കാട്ടുതീ പടർന്നിരിക്കുന്നുവെന്ന്, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് റിസേർച്ചിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടർ റിപ്പോർട്ട് ചെയ്യുന്നു.
വന്യമായി കത്തിപ്പടരുന്ന കാട്ടുതീയും അതിൽ വെന്തെരിഞ്ഞ ജീവികളുടെയും ഹൃദയഭേദകമായ കാഴ്ചകളും ആമസോണിൽ നിന്ന് 2,700 കിലോമീറ്റർ അകലെയുള്ള സാവോപോളോ നഗരത്തിന്റെ ആകാശം കറുത്തിരുണ്ട് പുക നിറഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങളും, മാദ്ധ്യമങ്ങളിലൂടെ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിന്റെ അപൂർവ സമൃദ്ധമായ കലവറകളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. മറ്റൊരു ആവാസ വ്യവസ്ഥയിലും കാണാത്ത 'എൻഡെമിക്" സ്പീഷിസുകൾ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെടുമോ എന്ന ചിന്തയാണ് പരിസ്ഥിതി സ്നേഹികളെ ആശങ്കാകുലരാക്കുന്നത്. 350 ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട 27 ലക്ഷത്തോളം ജനങ്ങൾ കാട്ടിനുള്ളിൽ ജീവിക്കുന്നതായി ആമസോൺ ബേസിൻ ഇൻഡിജനസ് ഓർഗനൈസേഷൻ രേഖപ്പെടുത്തുന്നു.
ആമസോൺ കത്തിക്കൊണ്ടിരിക്കുന്നത് ബ്രസീലിൽ മാത്രമല്ല. ബൊളീവിയയിൽ ആഗസ്റ്റ് 18 നും 23നുമിടയിൽ, അഞ്ച് ദിവസം കൊണ്ട് 800000 ഹെക്ടർ കാടും കൃഷിയിടങ്ങളും കത്തിനശിച്ചു. സന്നദ്ധ പ്രവർത്തകർ രാപകലില്ലാതെ തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്. ബ്രസീലിലെ പ്രസിഡന്റിൽ നിന്നും വ്യത്യസ്തമായി ബൊളീവിയൻ പ്രസിഡന്റായ ഈവോ മൊറേൽസ് വിദേശരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, ചരിത്രത്തിൽ ലോകത്തെ ഏറ്റവും നിർണായകമായ ഒരു ആവാസ വ്യവസ്ഥയുടെ വിനാശം കുറ്റകരമായ അനാസ്ഥയോടെ നോക്കിനിന്ന ഒരു ഭരണാധികാരി, ബ്രസീലിന്റെ പ്രസിഡന്റായ ജൈർ ബോൾസൊനാരോ മാത്രമായിരിക്കും. ലോകരാഷ്ട്രങ്ങൾ മുഴുവൻ ആമസോണിനെ രക്ഷിക്കൂ എന്നു മുറവിളി കൂട്ടുമ്പോൾ അയൽ രാജ്യങ്ങളുടെ മേൽ പഴിചാരിക്കൊണ്ട് അദ്ദേഹം കാട്ടിയ നിരുത്തരവാദപരമായ നിലപാട് മാപ്പർഹിക്കാത്തതാണ്. സംരക്ഷിത വനമേഖലയിലേക്ക് വ്യവസായ സംരംഭങ്ങൾ കൊണ്ടുവരാൻ അദ്ദേഹം താത്പര്യപ്പെട്ടിരുന്നതായി മുൻപും വിമർശനമുയർന്നിരുന്നു.
ബ്രസീലിന് ശക്തമായ പരിസ്ഥിതി നിയമങ്ങളുണ്ടായിരുന്നു. അവ ലംഘിക്കാനുള്ള ധൈര്യം ജനങ്ങളിലുണ്ടാക്കിയത് ബോൾസൊനാരോയുടെ നിലപാടുകളാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക, പരിസ്ഥിതി നയങ്ങളുടെ പിഴവാണ് ആമസോണിനെ തകർക്കാനിടയാക്കിയതെന്ന് വിമർശകർ വിലയിരുത്തുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അദ്ദേഹം വിശ്വസിക്കുന്നില്ല. അധികാരത്തിലെത്തിയപ്പോൾ തന്നെ പരിസ്ഥിതി മന്ത്രാലയത്തെ ദുർബലപ്പെടുത്തുകയും, മഴക്കാടുകൾക്കു നൽകിവന്ന സംരക്ഷണ സംവിധാനങ്ങൾ വെട്ടിച്ചുരുക്കുകയുമാണ് ചെയ്തത്.
ആമസോൺ സംരക്ഷണത്തിനായി സഹായങ്ങൾ നൽകിവന്ന നോർവേയും ജർമ്മനിയും വനനശീകരണത്തിനു ശ്രമിക്കുന്നതായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും മടിച്ചില്ല. ബോൾസൊനാരോയുടെ വിദേശകാര്യ ഉപദേഷ്ടാവായ ഫിലിപ്പേ മാർട്ടിൻസ്, ധാർഷ്ട്യത്തോടെ ട്വിറ്ററിൽ കുറിച്ചത് - ഞങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല, സംരക്ഷിക്കാൻ ഞങ്ങൾക്കറിയാമെന്നാണ്.
അവസാനം ജി - 7 രാഷ്ട്രത്തലവന്മാരുടെയും ലോകരാഷ്ട്രങ്ങളുടെയും സമ്മർദ്ദം മൂലമാണ് ബോൾസൊനാരോയുടെ നിലപാടിൽ അയവ് വരികയും 44,000 മിലിട്ടറി ട്രൂപ്പുകളെ കാട്ടുതീ നിയന്ത്രിക്കാനായി നിയോഗിക്കുകയും ചെയ്തത്.
അഞ്ഞൂറിലധികം ജീവിവർഗങ്ങളുടെ വംശനാശം സംഭവിക്കാനിടയുള്ളതായി വിദഗ്ദ്ധർ വിലയിരുത്തുന്നു. കാട്ടുതീയുണ്ടായ പ്രദേശങ്ങൾ പൂർവസ്ഥിതിയിലെത്താൻ രണ്ട് നൂറ്റാണ്ടുകൾ വേണ്ടിവരുമെന്ന് നിരീക്ഷിക്കപ്പെടുന്നു. മഴക്കാടുകൾ തിരിച്ചുകൊണ്ടുവരേണ്ടത് ബ്രസീലിന്റെ മാത്രം ആവശ്യമല്ല. ഭൂമിയുടെ അന്തരീക്ഷത്തിന് ആമസോൺ കാടുകൾ നൽകിയ ആരോഗ്യത്തിന്റെ ഗുണഭോക്താക്കൾ ബ്രസീൽ മാത്രമായിരുന്നില്ല. അന്തരീക്ഷത്തെ മതിലുകൾ കൊണ്ട് വേർതിരിക്കാൻ കഴിയില്ലല്ലോ. ഭൂമിയിലെ മഴക്കാടുകൾ വരും തലമുറകൾക്കായി സംരക്ഷിക്കപ്പെടണം. ലോകം മുഴുവനുമുള്ള ജനങ്ങൾ ആ വലിയ ദൗത്യത്തിൽ പങ്കാളികളാകണം.