k-raju
k raju

തിരുവനന്തപുരം : സംസ്ഥാനത്ത് ആദിവാസി സമൂഹത്തിന്റെ വികസനത്തിനും വനസംരക്ഷണത്തിനും 200 കോടിയുടെ ധനസഹായം അനുവദിക്കണമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി കെ. രാജു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

വനസംരക്ഷണ നിയമം അനുസരിച്ചുള്ള കേന്ദ്രാനുമതികൾ സമയബന്ധിതമായി ലഭ്യമാക്കണം. വനവത്കരണത്തിന് പകരമായി അടയ്ക്കേണ്ട തുക ഒഴിവാക്കണമെന്നും ഇന്നലെ കേന്ദ്ര കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കർക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വനം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മന്ത്രി.
കേരളത്തിലെ 725 ആദിവാസി സെറ്റിൽമെന്റുകളിൽ 500 എണ്ണവും സംരക്ഷിത വനമേഖലകൾക്കുള്ളിലാണ്. ഇതിൽ 25,000 ത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഒരു കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി അടുത്ത ഘട്ടമായി 1000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് കേന്ദ്രസഹായം അഭ്യർത്ഥിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ വിവിധ സംസ്ഥാനങ്ങളുടെ പരിഹാര വനവത്കരണ ഫണ്ട് വിതരണവും നടന്നു. വനേതര ആവശ്യങ്ങൾക്കായി വനഭൂമി വിട്ടുനൽകുന്നതിന് പരിഹാരമായി ലഭിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വീതിച്ചു നൽകി. കേരളത്തിന് 81.58 കോടി രൂപ ലഭിച്ചു. മറ്റ് ആവശ്യങ്ങൾക്കായി ഇനിയും ഭൂമി വിട്ടുനൽകാനാവില്ലെന്ന് മന്ത്രി രാജു യോഗത്തിൽ വ്യക്തമാക്കി . വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുമ്പോൾ നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് നൽകുന്ന തുക 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി രാജു അറിയിച്ചു.