desheeyapathayile-kuzhika

കല്ലമ്പലം: കേരളകൗമുദി വാർത്തയെ തുടർന്ന്‍ കല്ലമ്പലം ദേശീയ പാതയിലെ കുഴികളടക്കാൻ തുടങ്ങി. ആറ്റിങ്ങൽ മുതൽ പാരിപ്പള്ളി വരെ റോഡിൽ ആയിരത്തിൽ പരം കുഴികളാണ് രൂപപ്പെട്ടിരുന്നത്. ഇരുചക്രവാഹനങ്ങളും മറ്റും കുഴികളിൽ വീണ് അപകടം പതിവായിരുന്നു. ജൂലായ്‌ 23 ന് കേരളകൗമുദിയിൽ 'ദേശീയപാതയിൽ വൻകുഴികൾ; അപകട ഭീതിയിൽ ഡ്രൈവർമാർ' എന്ന തലക്കെട്ടിൽ വാർത്ത വന്നതിനെ തുടർന്ന്‍ കല്ലമ്പലം പൊലീസ് മണ്ണും കട്ടകളും ഉപയോഗിച്ച് ഏതാനും കുഴികളടച്ചെങ്കിലും മഴ ശക്തമായതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു. ദേശീയപാതയിൽ രൂപപ്പെട്ട കുഴികളടയ്ക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ദേശീയപാത അതോറിട്ടി കഴിഞ്ഞ രണ്ടു ദിവസമായി കുഴികളടക്കുന്ന തിരക്കിലാണ്. എന്നാൽ രാത്രിയിൽ കുഴികളടയ്ക്കാതെ പകൽ സമയത്തുള്ള കുഴികളടക്കലും, ടാറിംഗും നീണ്ട ഗതാഗത കുരുക്കിനിടയാക്കുന്നതായി ആക്ഷേപമുണ്ട്. കുഴികളടക്കുന്നത് നല്ലതാണെങ്കിലും തിരക്കൊഴിഞ്ഞ സമയത്തായിക്കൂടെ എന്നാണ് നാട്ടുകാരുടെ ചോദ്യം.