norka-roots
NORKA ROOTS

തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ അവബോധം സൃഷ്ടിക്കാൻ വിദേശകാര്യ മന്ത്റാലയവും നോർക്ക റൂട്ട്‌സും ചേർന്ന് ബോധവത്കരണം നടത്തും. പഞ്ചായത്ത് തലം മുതൽ ഇതു വേണമെന്ന് വിദേശകാര്യ മന്ത്റാലയം അഡിഷണൽ സെക്രട്ടറി അമൃത് ലുഗനും ഡയറക്ടർ കേണൽ രാഹുൽദത്തും പറഞ്ഞു. കേരളത്തിൽ കുടുംബശ്രീയെ ബോധവത്കരണത്തിന് ഉപയോഗിക്കും. തൊഴിൽ ചൂഷണവും തട്ടിപ്പും തടയുന്നതിന് നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും.

മൂന്നു വർഷത്തിനിടെ വ്യാജ ഏജന്റുമാരെപ്പറ്റി രാജ്യത്താകെ 16000ത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. 64 കേസുകൾ കേരള പൊലീസിന് കൈമാറി. 15 കേസുകളിൽ പ്രോസിക്യൂഷന് അനുമതി നൽകി. സാമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചും വ്യാപക തട്ടിപ്പ് നടക്കുന്നുണ്ട്. കേരളത്തിൽ പൊലീസിന്റെ എൻ.ആർ.ഐ സെല്ലിലാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്.

അംഗീകൃത റിക്രൂട്ടിംഗ് ഏജന്റിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയും ഉണ്ടെങ്കിലേ ലൈസൻസ് നൽകൂവെന്ന് അമൃത് ലുഗൻ പറഞ്ഞു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.