മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ഭീഷണിയായി മാറിക്കഴിഞ്ഞ പ്ളാസ്റ്റിക്കിനെതിരെ ദേശീയതലത്തിൽ വലിയൊരു പ്രസ്ഥാനത്തിന് ഗാന്ധിജയന്തി ദിനത്തിൽ രാജ്യം തുടക്കം കുറിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ആറിനം പ്ളാസ്റ്റിക് വസ്‌തുക്കൾക്ക് ഒക്ടോബർ രണ്ടുമുതൽ സമ്പൂർണ നിരോധനം വരും. കപ്പ്, പ്ളേറ്റ്, സ്ട്രോ, കാരിബാഗ്, ചെറിയതരം പ്ളാസ്റ്റിക് സ്‌പൂൺ, ചെറിയതരം പ്ളാസ്റ്റിക് കുപ്പി, സാഷെകൾ തുടങ്ങിയവ നിരോധനത്തിന്റെ പരിധിയിൽവരും. ഇത്തരം വസ്തുക്കളുടെ നിർമ്മാണവും വില്‌പനയും ഉപയോഗവും പൂർണമായും തടയാനാണ് തീരുമാനം.
ഇവയുടെ ഇറക്കുമതിക്കുമുണ്ടാകും നിരോധനം. രാജ്യത്തെ പ്ളാസ്റ്റിക് ഉപയോഗം ഇപ്പോൾ പ്രതിവർഷം ഏതാണ്ട് ഒന്നരകോടി ടണ്ണോളമാണ്. ആറിനം പ്ളാസ്റ്റിക് വസ്‌തുക്കൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുകവഴി പത്തുപതിനഞ്ചുലക്ഷം ടൺ പ്ളാസ്റ്റിക് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങൾ പ്ളാസ്റ്റിക് ഉപയോഗം കുറയ്‌ക്കാൻ സ്വയം മുന്നോട്ടുവരണം. സർക്കാരിന്റെ നിർബന്ധമല്ല ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് പ്ളാസ്റ്റിക്കിനെതിരായ യുദ്ധത്തിൽ പ്രധാനം. പ്ളാസ്റ്റിക് ഉപയോഗത്തിനെതിരെ ആറുമാസം സർക്കാർ രാജ്യവ്യാപകമായി പ്രചാരണം നടത്തും. അതിനുശേഷം ക്രമേണ ശിക്ഷാനടപടികളിലേക്ക് നീങ്ങും. നിരോധനം ലംഘിച്ച് പ്ളാസ്റ്റിക് ഉപയോഗം തുടർന്നാൽ നടപടി നേരിടേണ്ടിവരും. നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് കടുത്ത പിഴ ചുമത്തും.
പ്ളാസ്റ്റിക് ഭൂമിക്കും പരിസ്ഥിതിക്കും വലിയതോതിൽ ഭീഷണിയായി മാറിക്കഴിഞ്ഞു എന്ന് എല്ലാവർക്കും അറിയാം. എന്നാലും അതിന്റെ ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ അധികംപേർക്കും കഴിയുന്നില്ല. പ്രധാനമായും സൗകര്യത്തെക്കരുതിയാണ് ഇൗ വിഷവസ്‌തുവിനെ കൂടുതലായി ആശ്രയിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും തുടർച്ചയായ പ്രചാരണ പരിപാടികൾ കാരണം രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്ളാസ്റ്റിക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങളിൽ കാണുന്നത്. ഇത് നല്ല ലക്ഷണമാണ്. ഇപ്പോൾ സംസ്ഥാന സർക്കാരുകളാണ് പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്ന നടപടികൾ എടുക്കാറുള്ളത്. കേന്ദ്ര സർക്കാർതന്നെ ഇനി അതിന് മുന്നിട്ടിറങ്ങുന്നതോടെ കൂടുതൽ അനുകൂല ഫലമുണ്ടാകുമെന്നുവേണം കരുതാൻ. ലോകത്ത് ഉത്പാദിപ്പിക്കുന്ന പ്ളാസ്റ്റിക്കിന്റെ പകുതിയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന
ആവശ്യങ്ങൾക്കുവേണ്ടിയുള്ളതാണ്. ഇവയുടെ പുനരുപയോഗം മിക്കവാറും അസാദ്ധ്യമാകയാൽ ഒരിക്കൽ ഉപയോഗിച്ചു
വലിച്ചെറിയുന്ന അവ ഭൂമിയിൽ വർഷങ്ങളോളം അവശേഷിക്കും. മണ്ണിനും വെള്ളത്തിനും സമുദ്രങ്ങൾക്കുപോലും അവ മാരകമായി വർത്തിക്കും. കാട്ടുജീവികൾക്കും കടൽ ജീവികൾക്കും പ്ളാസ്റ്റിക് എത്രമാത്രം അപകടകാരിയാണെന്ന് ഇന്ന് ഏവർക്കും അറിയാം. സമുദ്രങ്ങളിൽ ഒാരോ വർഷവും അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് വസ്‌തുക്കൾ മത്സ്യസമ്പത്തിനെപ്പോലും ബാധിക്കുന്നവിധത്തിൽ മാരക സ്വഭാവം ആർജ്ജിച്ചുകഴിഞ്ഞു. ഭൂമിയിലെ സ്ഥിതിയും ഏതാണ്ട് അതുപോലെയാണ്. എവിടെയും പ്ളാസ്റ്റിക് മാലിന്യം തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നമാണിപ്പോൾ. ജലനിർഗമനം അസാദ്ധ്യമാക്കുംവിധം ഒാടകളിലും ജലവാഹിനികളിലും മാലിന്യം അടിഞ്ഞുകൂടുന്നത് മഴക്കാലത്ത് വെള്ളക്കെട്ടു സൃഷ്‌ടിക്കാറുണ്ട്. എത്രവട്ടം നീക്കം ചെയ്‌താലും ദിവസങ്ങൾക്കകം വീണ്ടും നിറയും.
കേരളത്തിൽ വലിയ കടകളിലും സൂപ്പർ മാർക്കറ്റുകളിലും പ്ളാസ്റ്റിക് കാരിബാഗുകൾ ഏതാണ്ട് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഉത്‌പന്നങ്ങളിൽ ഏറിയപങ്കും പ്ളാസ്റ്റിക് ആവരണവുമായിട്ടാണ് എത്തുന്നത്. സൗകര്യത്തിനായി ഏത് ഉത്പന്നവും പ്ളാസ്റ്റിക് കുപ്പികളിലോ കവറിലോ ആണ് എത്തുന്നത്. പാലും വെളിച്ചെണ്ണയും കുടിവെള്ളവുമെല്ലാം പ്ളാസ്റ്റിക് പാക്കറ്റിലായതോടെ മാലിന്യത്തോതും വളരെ ഉയർന്നിട്ടുണ്ട്. പഴയ രീതിയിലേക്ക് മടങ്ങുക അത്ര എളുപ്പമല്ലെങ്കിലും പ്ളാസ്റ്റിക്കിന്പകരം അന്തരീക്ഷ മലിനീകരണത്തിന് വഴിവയ്‌ക്കാത്ത പകരം ഉത്പന്നങ്ങളിലേക്ക് തിരിയേണ്ട സമയമായി. തുണിസഞ്ചികളുടെ ഉപയോഗം ഒാരോ വീട്ടുകാരും ശീലമാക്കണം. ഇവിടെയും കച്ചവടസ്ഥാപനങ്ങൾക്കാണ് പ്ളാസ്റ്റിക് നിരോധന വിഷയത്തിൽ പ്രധാന ഭാഗമാകാൻ കഴിയുക. സാധനങ്ങൾ പാക്ക് ചെയ്യാൻ പ്ളാസ്റ്റിക്കിന് പകരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങളെ ആശ്രയിക്കാൻ അവയുടെ ഉത്പാദകരെയും നിർബന്ധിക്കുന്ന നിയമം കൊണ്ടുവരണം. പുനരുപയോഗിക്കാവുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങൾക്ക് മാത്രമേ വിൽക്കാൻ അനുമതി നൽകാവൂ. ഗ്രീൻ പ്രോട്ടോകാൾ കർക്കശമായി നടപ്പാക്കുന്ന ഒട്ടേറെ ഇടങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. തീർത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ പ്ളാസ്റ്റിക് മുക്തമാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കാറുണ്ട്. ഇൗ ശീലം സ്വന്തം വീടുകളിലേക്കും കൊണ്ടുവരാൻ ഒാരോ വീട്ടുകാരും മനസ് വച്ചാൽ പ്ളാസ്റ്റിക്കിന്റെ അമിതോപയോഗം കാര്യമായി നിയന്ത്രിക്കാനാകും. പ്ളാസ്റ്റിക് സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങളും സംവിധാനങ്ങൾ വിപുലപ്പെടുത്തേണ്ടത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയാൽ പ്ളാസ്റ്റിക്കിൽനിന്ന് വൈദ്യുതി ഉത്പാദനം വരെ സാദ്ധ്യമാണ്. ചില രാജ്യങ്ങൾ വിജയകരമായി ഇത്തരം സംവിധാനങ്ങൾ വർഷങ്ങളായി പ്രവർത്തിപ്പിക്കുന്നുമുണ്ട്. പ്ളാസ്റ്റിക് കപ്പുകൾക്കുപകരം കടലാസ് കപ്പുകളും കടലാസ് കൂടുകളുമൊക്കെ ഉപയോഗിക്കാവുന്നതേയുള്ളൂ. ഒക്ടോബർ രണ്ടുമുതൽ എയർ ഇന്ത്യയും പ്ളാസ്റ്റിക് വസ്‌തുക്കളോട് വിട പറയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപോലെ വലിയ സ്ഥാപനങ്ങൾ ഇൗ വഴിക്ക് തിരിഞ്ഞാൽ പ്ളാസ്റ്റിക് മാലിന്യം നല്ല തോതിൽ കുറയ്‌ക്കാൻ കഴിയും. ദേശീയ പ്രാധാന്യമുള്ള ഇൗ വിഷയത്തിൽ ജനങ്ങൾ കൂടുതൽ ബോധവാന്മാരായാൽ പ്ളാസ്റ്റിക് വിപത്തിനെ നല്ല രീതിയിൽ ചെറുക്കാൻ കഴിയും. വരുംതലമുറയോടുള്ള ഉത്തരവാദിത്വം കൂടിയാണിത്.