തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയും ഉത്കണ്ഠയും പൂർണമായും ഉൾക്കൊള്ളുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട കേരള പി.എസ്.സിയുടെ സമീപകാല പ്രവർത്തനം അത്യന്തം നിരാശാജനകമാണ്. പി.എസ്.സിയിൽ വ്യാപക അഴിമതി നടക്കുന്നതായി ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നു. ആകസ്മികമായാണ് ഇപ്പോൾ ഏതാനും ക്രമക്കേടുകൾ പുറത്ത് വന്നത്. പി.എസ്.സിയിൽ നടക്കുന്ന മുഴുവൻ ക്രമക്കേടുകളും പുറത്ത് വരണമെങ്കിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. അടിയന്തരമായി ഇത്തരമൊരു ഏജൻസിയെ നിയോഗിക്കാൻ ഹൈക്കോടതി മുൻകൈയെടുക്കണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.