തിരുവനന്തപുരം : ഒഴിവുകൾ നിലവിലുണ്ടായിട്ടും 25 ശതമാനം പോലും നിയമനം നടത്താത്ത എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന അവശ്യവുമായി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന സമയം വരെ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി.
ആൾ കേരള ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് ഫോറമാണ് ഇന്നലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ രാപകൽ സത്യാഗ്രഹം നടത്തിയത്.അയ്യായിരം പേരോളമുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ആയിരത്തിൽ താഴെ നിയമനം മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് സമരക്കാർ പറഞ്ഞു.
കഴിഞ്ഞ 26 മുതലാണ് രാപകൽ സത്യാഗ്രഹം ആരംഭിച്ചത്. ഈ സമരത്തിന് മുൻപ് 20,21 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹവും കഴിഞ്ഞ മാസം നിയമസഭാ മാർച്ചും നടത്തിയിരുന്നു. മുഖ്യമന്ത്രിയെ പലവട്ടം കണ്ട് നിവേദനം നൽകിയതായും ഉദ്യോഗാർത്ഥികൾ പറഞ്ഞു.