കുമരങ്കരിയിൽ നിന്ന് കുട്ടികളുമായി വന്നവരിൽ മുതിർന്ന ഒരാൾ അടുത്തെത്തി. കാഴ്ചയിൽ സുമുഖൻ. ആരോഗ്യവാൻ, മദ്ധ്യവയസ്കൻ. അദ്ദേഹം പറയുന്നു.
'ഒരു സമാധാനവുമില്ല സ്വാമി! ആത്മവിശ്വാസത്തോടുകൂടി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിത്തവുമില്ല,"
'നിങ്ങൾ ഏതെങ്കിലും കാര്യം ചെയ്യുമ്പോഴല്ലേ ആത്മവിശ്വാസക്കുറവ് തോന്നുന്നത്?"
'അതെ."
'ഇപ്പോൾ കുട്ടികളോട് പറഞ്ഞത് ശ്രദ്ധിച്ചില്ലേ? എന്നാൽ അവരവരിൽ തന്നെയുള്ള വിശ്വാസമാണ്. അതിന് ആദ്യം വേണ്ടത് അവരവരെ (ആത്മാവിനെ) അറിയുകയാണ്. കുട്ടികളോട് ഇപ്പോൾ പറഞ്ഞ അർത്ഥത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ അറിയുക. നിങ്ങൾ നിങ്ങളെ അറിയാതെ എങ്ങനെ നിങ്ങൾക്ക് നിങ്ങളിൽതന്നെ വിശ്വാസമുണ്ടാവും? അങ്ങനെ അറിഞ്ഞുകഴിഞ്ഞാൽ നിങ്ങളുടെ ആന്തരികമായ സ്വഭാവഗുണങ്ങൾ എങ്ങനെയുള്ളതാണെന്ന് മനസിലാക്കുക. പിന്നെ ആ സ്വഭാവഗുണങ്ങൾക്കിണങ്ങുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. സ്വന്തം സ്വഭാവത്തിന് ചേരാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക. പിന്നെ ഇങ്ങനെയൊരു പ്രശ്നത്തിന് അവസരമുണ്ടാവില്ല.
'പലരും പണം മോഹിച്ചും മറ്റും അവരവരുടെ ആന്തിരകമായ പ്രകൃതിക്ക് ചേരാത്ത കാര്യങ്ങൾ ചെയ്യാറുണ്ട്. അത് ഇക്കാലത്തെ ഒരു പ്രത്യേകതയാണ്. അവർക്ക് ഇങ്ങനെയുള്ള മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
'ആത്മവിശ്വാസക്കുറവ് തോന്നുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ മാത്രമാണ്. ചെയ്യുന്ന നിങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കാറില്ല. ചെയ്യുന്ന നിങ്ങളും ചെയ്യുന്ന കാര്യവും തമ്മിൽ ഒരു ഇണക്കം വേണം. അപ്പോഴേ ആത്മവിശ്വാസത്തോടുകൂടി അത് ചെയ്യാനാവൂ. നിങ്ങൾ നിങ്ങളെത്തന്നെയറിഞ്ഞുകൊണ്ട് കാര്യങ്ങൾ ചെയ്താൽ ആത്മവിശ്വാസം ഉണ്ടാക്കേണ്ടിവരില്ല. ആത്മവിശ്വാസം തനിയേ ഉണ്ടാവും."