തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എത്രയും വേഗം നടപ്പാക്കണമെന്ന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫിഷിംഗ് ഹാർബറിനായി പുനരധിവാസം നടത്തിയപ്പോൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. മാസ്റ്രർ പ്ലാനിന്റെ പകർപ്പ് അടിയന്തരമായി നൽകുക, കളിസ്ഥലം, റിക്രിയേഷൻ സൗകര്യം, ശ്മശാനം/കബർസ്ഥാൻ, ആശുപത്രി തുടങ്ങിയവ സമയബന്ധിതമായി അനുവദിക്കുക, തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പ്രാഥമിക നഷ്ടപരിഹാര പാക്കേജ് നൽകാൻ ശേഷിക്കുന്നവർക്ക് അടിയന്തരമായി തുക അനുവദിക്കുക, പുനരധിവസിപ്പിക്കപ്പെട്ട ശേഷിക്കുന്ന വീടുകൾക്കുള്ള പട്ടയം, ഷോപ്പുകളുടെ പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജമാഅത്ത് ഭാരവാഹികൾ വിശദീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് എൻ.നൂഹുകണ്ണ്, സെക്രട്ടറി എ.എ. നിസാം തുടങ്ങിയവർ പങ്കെടുത്തു.