നെയ്യാറ്റിൻകര : മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിലെ ഇക്കൊല്ലത്തെ തീർത്ഥാടന തിരുനാൾ നാളെ ആരംഭിച്ച് 8 ന് സമാപിക്കും. വൈകിട്ട് മദർ തെരേസയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന പതാകപ്രയാണം ദേവാലയത്തിലേക്ക് നടക്കും. തുടർന്ന് ഇടവക വികാരി ഫാ.ജോണി കെ. ലോറൻസ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് 8 ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റർ ജെയിൻ മുഖ്യ സന്ദേശം നൽകും. 2 മുതൽ 6 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനം കൊല്ലം മൗണ്ട് കാർമ്മൽ ആശ്രമം ഡയറക്ടർ ഫാ.ബഞ്ചമിനും സംഘവും നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ മോൺ.അൽഫോൺസ് ലിഗോറി, രൂപത ചാൻസലർ ഡോ.ജോസ്രാഫേൽ,ഫാ.രതീഷ് മാർക്കോസ്, ഫാ.സി.ജോയി, ഫാ.കിരൺരാജ്, ഫാ.ജസ്റ്റിൻ പി ഫ്രാൻസിസ്, ഫാ.ബനഡിക്ട് ജി ഡേവിഡ്, ഫാ.അനുരാജ്, ഫാ.റോബിൻരാജ്, ഫാ.വൽസലൻ ജോസ്, ഫാ.ലോറൻസ് .കെ, ഫാ.ജെൻസൺ പൂവത്തിങ്കൽ, ഡോ.രാഹുൽലാൽ, ഫാ.സാവിയോ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകും. സാമാപന ദിനത്തിൽ നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ മോൺ.വി.പി ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി നടക്കും. തീർത്ഥാടന ദിനങ്ങളിൽ വിശുദ്ധ മദർ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കി 'ജീവിത വഴിയിൽ മദർ തെരേസ' എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ മദർ ഹൗസിൽ നിന്ന് കൊണ്ടുവന്ന ദേവാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള മദർ തെരേസയുടെ തിരുശേഷിപ്പ് വണങ്ങാനും പ്രാർത്ഥിക്കാനുമുളള പ്രത്യേക ക്രമീകരണം ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോണി കെ. ലോറൻസ് അറിയിച്ചു.