വെള്ളറട : അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കാര്യക്ഷമമാകാത്തതിനാൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വില്പന വ്യാപകമെന്ന് പരാതി. പ്രദേശത്ത് പരിശോധന നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന കാര്യക്ഷമമാകാത്തതു കാരണം പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ വില്പനയും പൊടിപൊടിക്കുകയാണ്. വ്യാപകമായി വിഷം കലർന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളിൽ വില്പനയ്ക്കെത്തുന്നത്. അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല. പാൽ ഉത്പന്നങ്ങൾ അടക്കമുള്ള വിവിധതരത്തിലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വൻ തോതിലാണ് എത്തുന്നത്. ഇതിനു പുറമേ പ്രധാന മത്സ്യച്ചന്തകളിൽ വില്പനയ്ക്കെത്തുന്ന മത്സ്യങ്ങളിലേറെയും മാസങ്ങൾ പഴക്കമുള്ളതാണ്. ഇവ രാസവസ്തുകൾ ചേർത്താണ് കച്ചവടം നടത്താറ്. വില കുറച്ച് കിട്ടുന്നതുകാരണം ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പോലും ഇത്തരം മത്സ്യമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതൊന്നും അതികൃതരുടെ ശ്രദ്ധയിൽ പെടാറില്ല. മാത്രമല്ല അതിർത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെ കന്നുകാലികളെയും കശാപ്പിനായി കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ എത്തിക്കുന്ന കാലികൾക്ക് രോഗബാധയുണ്ടോ എന്ന പരിശോധന പോലും നടത്താതെയാണ് കശാപ്പുചെയ്യാറ്.
മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകൾ ഇവിടെ നടത്തിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനായി മേൽനോട്ടം. എന്നാൽ ഈ വകുപ്പ് മലയോര പ്രദേശങ്ങളെ അവഗണിച്ച മട്ടാണ്. ഒാണവിപണി ലക്ഷ്യംവച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഉത്പന്നങ്ങളാണ് പായ്ക്കറ്റുകളിലാക്കി ഇവിടെ എത്തിക്കുന്നത്. എന്നാൽ ഇവയുടെ പുറത്ത് ഉത്പാദിപ്പിച്ചവരുടെ പേരോ മേൽവിലാസമോ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് ഏറെ ലാഭം ലഭിക്കുന്നതിനാൽ ഇവയുടെ വില്പനയും തകൃതിയായി നടക്കുകയാണ്.