വിഴിഞ്ഞം: ഓഖിദുരന്തത്തിൽപ്പെട്ട് വള്ളവും എൻജിനും നഷ്ടപ്പെട്ട് കടക്കെണിയിലായ ഗൃഹനാഥന് ആഘാതമായി ജപ്തി നടപടികളും. വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കം സി.പി.എം പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. വിഴിഞ്ഞം പള്ളിത്തുറ വാറുവിളാകം വീട്ടിൽ സാജൻ - ലിസ ദമ്പതികളുടെ വീടാണ് ഇന്നലെ ജപ്തി ചെയ്യാൻ കോടതി നിർദ്ദേശാനുസരണം വിഴിഞ്ഞം പൊലീസിന്റെ സഹകരണത്തോടെ എസ്.ബി.ഐ ബാങ്ക് അധികൃതർ എത്തിയത്. നാലു വർഷം മുൻപ് വള്ളവും വലയും വാങ്ങാൻ 12 ലക്ഷം രൂപയാണ് വിഴിഞ്ഞം എസ്.ബി.ഐ ബാങ്കിൽ നിന്ന് വായ്പയെടുത്തത് ഇതിൽ നാല് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചു ഇതിനിടെയാണ് ഓഖിദുരന്തത്തിൽപ്പെട്ട് സാജന്റെ വള്ളവും വലയും നഷ്ട്ടപ്പെട്ടത്. ദുരന്തത്തിൽ പെട്ട് ഇടതു ചുമലിൽ പൊട്ടലേൽക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പണിക്ക് പോകാൻ പറ്റാതായി. അതോടെ ബാങ്കിന്റെ വായ്പ അടവും മുടങ്ങി. മുൻപ് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് സഹായം തേടി ഇയാൾ കടാശ്വാസ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ജപ്തി നടപടികൾ തടസപ്പെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതരും വീട്ടുകാരും ഇടവക സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ 1 വർഷത്തെ കാലാവധി അനുവദിച്ചു.