തിരുവനന്തപുരം:സിസ്റ്റർ അഭയ വധക്കേസിൽ പോലീസ് ആദ്യം തയ്യാറാക്കിയ ഇൻക്വസ്റ്റ് തിരുത്തി പോലീസ് സ്റ്റേഷനാൽ വച്ച് പുതിയ ഇൻക്വസ്റ്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചത് കേസിലെ പ്രതിയായിരുന്ന വി.വി. അഗസ്റ്റിൻ എന്ന് സാക്ഷി. കോട്ടയം വെസ്റ്ര് പോലീസ് സ്റ്രേഷനിൽ വി,വി, അഗസ്റ്റിനൊപ്പം ജോലി നോക്കിയിരുന്ന എം.എം. തോമസ് എന്ന പോലീസ് ഹെഡ് കോൺസ്റ്റബിളാണ് പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകിയത്.
ആദ്യത്തെ ഇൻക്വസ്റ്റ് സ്റ്റേഷനിൽ വച്ച് കീറികളയാൻ അഗസ്റ്റിൻ നിർദ്ദേശിച്ചു. ആദ്യ ഇൻക്വസ്റ്രിൽ സിസ്റ്റർ നെെറ്റി മാത്രമേ ധരിച്ചിരുന്നുളളൂ എന്നായിരുന്നു. രണ്ടാമത്തെ ഇൻക്വസ്റ്റിൽ സിസ്റ്റർക്ക് പാവാടയും പാന്റീസും ഉണ്ടെന്ന് എഴുതി ചേർത്തു.
സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ ആദ്യം അടുക്കളയിലാണ് പോയത്. അതിനു കാരണം ആ കോൺവെന്റിനെ കുറിച്ച് പുറത്ത് പലരും പലതും പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ നവാസിന്റെ ചോദ്യത്തിന് മറുപടിയായി തോമസ് കോടതിയിൽ മൊഴി നൽകി. അടുക്കള അലങ്കോലമായാണ് കാണപ്പെട്ടത്. അടുക്കളയുടെ മൂലയിൽ ഒരു കെെകോടാലി കിടക്കുന്നത്കണ്ടു. ഫ്രിഡ്ജ് തുറന്നാണ് കിടന്നത്. ഒരു കുപ്പി വെളളം അടപ്പ് തുറന്ന നിലയിൽ താഴെ കിടന്നിരുന്നു. അതിൽ നിന്ന് വെളളം വാർന്ന് പൊയ്ക്കോണ്ടിരുന്നു. സിസ്റ്റർ അഭയയുടെ പ്ളാസ്റ്റിക് ചെരുപ്പ് രണ്ടിടത്തായി കിടക്കുന്നത് കണ്ടു. സിസ്റ്ററിന്റെ ശിരോവസ്ത്രം അടുക്കളയിൽ നിന്ന് പുറത്തേയ്ക്കുളള കതകിൽ കുരുങ്ങി കിടക്കുന്നത് കണ്ടതായും സാക്ഷി മൊഴി നൽകി.
വി.വി.അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഒരിയ്ക്കൽ കണ്ടപ്പോൾ തോമസ്സേ എനിയ്ക്ക് വലിയ മനോവിഷമം ഉളളതായി പറഞ്ഞിരുന്നതായും സാക്ഷി മൊഴി നൽകി. സി.ബി.എെ മർദ്ദിച്ച വിഷമത്തിൽ കുറിപ്പ് എഴുതി വച്ചിട്ടല്ലേ അഗസ്റ്രിൻ ആത്മഹത്യ ചെയ്തതെന്ന പ്രതിഭാഗം ചോദ്യത്തിന് അറിയില്ലെന്നായിരുന്നു തോമസ്സിന്റെ മറുപടി.