തിരുവനന്തപുരം : ക്ഷേമപെൻഷനുകൾ അനുവദിക്കുന്നതിൽ നഗരസഭയിലെ വിവിധ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നെന്ന പരാതിയുമായി കൗൺസിലർമാർ രംഗത്ത്. അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അപേക്ഷകരെ ഓഫീസുകൾ കയറ്രി ഇറക്കുകയാണെന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.സി. ബീനയാണ് വിഷയം ആദ്യം ഉന്നയിച്ചത്. വാർഡിലെ വയസായ സ്ത്രീക്ക് വാർദ്ധക്യകാല പെൻഷനുള്ള അപേക്ഷ 2016ൽ നൽകിയതാണെന്നും എന്നാൽ നാളിതുവരെ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ പുതിയ അപേക്ഷ വേണമെന്ന മറുപടിയാണ് ഫോർട്ട് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ നൽകിയതെന്നും അവർ പറഞ്ഞു.
ഉള്ളൂർ സോണൽ ഓഫീസിൽ നിരവധി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും ഇത്തരം അപേക്ഷകൾ തീർപ്പാക്കാൻ ഇവിടെ ഉദ്യോഗസ്ഥരില്ലെന്നും യു.ഡി.എഫ് കൗൺസിലർമാരായ വി.ആർ. സിനിയും ജോൺസൺ ജോസഫും എൽ.ഡി.എഫ് അംഗം എൻ. അനിൽകുമാറും പറഞ്ഞു. ക്ഷേമപെൻഷന്റെ കാര്യത്തിൽ സർക്കാരിന് പോലും കൃത്യമായ ധാരണയില്ലെന്നും അടിക്കടി സർക്കുലർ മാറ്റുന്നത് ഇതിന് തെളിവാണെന്ന് ബി.ജെ.പി അംഗം തിരുമല അനിലും ആരോപിച്ചു. എന്നാൽ പെൻഷൻ നടപടികൾ കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും പരാതികളുണ്ടെങ്കിൽ പരിഹരിക്കാമെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അറിയിച്ചു.