കിളിമാനൂർ:സ്കൂൾ കുട്ടികളിൽ വളർത്തുമൃഗങ്ങളോടുള്ള ആഭിമുഖ്യം വളർത്തുക, ലഘു സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കോഴി വളർത്തൽ പദ്ധതിയുടെ നഗരൂർ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വെള്ളല്ലൂർ വി.യു.പി.എസിലെ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ നിർവഹിച്ചു. തിരഞ്ഞെടുത്ത അമ്പത് വിദ്യാർത്ഥികൾക്ക് അഞ്ച് കോഴികളെ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി. മൃഗഡോക്ടർ ജ്യോതി ലക്ഷ്മി, സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, പി.ടി.എ പ്രസിഡന്റ് ബിജുകുമാർ എന്നിവർ പങ്കെടുത്തു. സ്കൂൾ പൗൾട്രി ക്ലബ് ഇതിന്റെ സംരക്ഷണവും നിരീക്ഷണവും നടത്തും.