1

വിഴിഞ്ഞം: കാലാവസ്ഥാ വ്യതിയാനവും കടൽക്ഷോഭവും കാരണം തീരം വറുതിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സീസണിൽ വള്ളം നിറയെ കണവയും കൊഞ്ചും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിച്ചതിനാൽ കയറ്റുമതിക്കാർക്കും ആവേശത്തിന്റെ സീസൺ ആയിരുന്നു. എന്നാൽ ഈ സീസണിൽ കൊഞ്ച് പേരിന് പോലും ലഭിച്ചില്ല. സീസൺ കഴിഞ്ഞ് വറുതിയിലേക്ക് നീങ്ങുന്ന തീരത്ത് നൂറോളം കുടുംബങ്ങൾ പട്ടിണിയിലാവുകയാണ്. ഈ സമയത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തീരത്ത് ഇപ്പോൾ മത്സ്യലഭ്യത കുറവാണ്. കിട്ടുന്നതാകട്ടെ വൻ വിലയും. തീരത്ത് മത്സ്യം വാങ്ങാൻ ധാരാളം ആൾക്കാർ എത്താറുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. മത്സ്യലഭ്യത കുറയുന്നതോടെ മത്സ്യത്തൊഴിലാളികളെ കൂടാതെ തന്നെ അനുബന്ധ തൊഴിലുകളും മുടങ്ങും. മത്സ്യ ബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്നവരും ഐസ് ഫാക്ടറി തൊഴിലാളികളും പട്ടിണിയിലാകും. സീസണിൽ ഇവിടെ എത്തിയ അന്യസംസ്ഥാന തൊഴിലാളികളും കച്ചവടക്കാരും മടങ്ങി. ഈ സീസണിൽ കയറ്റുമതിക്കാർക്ക് മാത്രം കുറച്ച് കണവ മത്സ്യം ലഭിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇടയ്ക്കിടെ ഏതാനും മത്സ്യത്തൊഴിലാളികൾക്ക് കത്തിക്കാര പോലുള്ള ചെറുമീനുകൾ ലഭിച്ചെങ്കിലും കാര്യമായ വരുമാനം കിട്ടിയില്ല.