തിരുവനന്തപുരം: നഗരസഭയിൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നതിൽ അഴിമതി ആരോപണവുമായി ബി.ജെപി രംഗത്ത്. ഇതിനെച്ചൊല്ലി ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറെനേരം കലഹിച്ചു. എംപ്ലോയ്മെന്റിൽ നിന്നുള്ള പട്ടികയിൽ നിന്ന് 128 തൊഴിലാളികളെ തിരഞ്ഞെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. എന്നാൽ ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മേയറും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും നിലപാടെടുത്തതോടെ റാങ്ക് ലിസ്റ്റ് കൗൺസിൽ പാസാക്കി.
നിയമനത്തിൽ സാമ്പത്തിക ക്രമക്കേടും പക്ഷപാതവും ഉണ്ടെന്നാരോപിച്ച് ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപനാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് സംസാരിച്ച തിരുമല അനിൽ പട്ടികയിലുണ്ടായിരുന്ന പലർക്കും തെറ്റായ വിലാസത്തിലാണ് അഭിമുഖത്തിന് കത്തയച്ചതെന്നും ഇത് അർഹരെ ഒഴിവാക്കാനാണെന്നും ആരോപിച്ചു. പട്ടികയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു. എന്നാൽ യു.ഡി.എഫ് കൗൺസിലർമാരായ ബീമാപള്ളി റഷീദ്, ജോൺസൺ ജോസഫ്, പീറ്റർ സോളമൻ എന്നിവർ ഭരണപക്ഷത്തിനൊപ്പം നിന്നു. ബി.ജെ.പിയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും എന്നാൽ പട്ടിക നീട്ടിക്കൊണ്ടു പോകുന്നത് ജോലി കാത്തിരിക്കുന്ന പാവങ്ങളെയും നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അഭിമുഖവും നിയമന നടപടികളും നടത്തിയതെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശ്രീകുമാർ പറഞ്ഞു. 1257 പേരിൽ 1079 ൽ പേരാണ് അഭിമുഖത്തിൽ പങ്കെടുത്തതെന്നും 178 പേർക്ക് അയച്ച കത്ത് മാത്രമാണ് കൈപ്പറ്റാതെ തിരിച്ചെത്തിയതെന്നും മേയർ അറിയിച്ചു.
അഴിമതി തെളിയിക്കണമെന്ന് മേയർ
നിരന്തരം അഴിമതി ആരോപിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. അമൃത് പദ്ധതി പ്രകാരം പൗണ്ട് കടവ് മുതൽ സ്റ്റേഷൻ കടവ് വരെ പാർക്ക് നിർമ്മിക്കുന്നതിലും ബി.ജെ.പി അംഗം ഗിരി അഴിമതി ആരോപിച്ചു. ഇതോടെയാണ് മേയർ രോഷാകുലനായത്. മൈക്ക് കിട്ടിയെന്ന് കരുതി എന്തിനും ഏതിനും അഴിമതി ആരോപിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നും മേയർ പറഞ്ഞു. ഇത്തരം ന്യായങ്ങൾ പറഞ്ഞ് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്ന് ഗിരി തിരിച്ചടിച്ചു. അനാവശ്യമായി സംസാരിച്ചാൽ വായ അടപ്പിക്കേണ്ടിവരുമെന്ന് മേയറും നിലപാടെടുത്തതോടെ ഭരണ, പ്രതിപക്ഷാംഗങ്ങൾ കുറച്ചു നേരം പരസ്പരം ഏറ്റുമുട്ടി.