raja

കിളിമാനൂർ: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളുടെ വിവിധ രംഗങ്ങളിലെ കണ്ടുപിടുത്തങ്ങൾ ശ്രദ്ധേയമാകുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഭക്ഷണ പദാർത്ഥങ്ങൾ തനിമ നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിക്കാൻ കഴിയുന്ന ഹൈ എഫിഷ്യൻസി ഹൈബ്രിഡ് സോളാർ ഡ്രയർ, കിടപ്പ് രോഗികൾക്ക് കട്ടിലായും വീൽചെയറായും സ്ട്രെചറായും ഉപയോഗിക്കാവുന്ന അഡ്വാൻസ്ഡ് വീൽചെയർ, പരിമിതമായ വൈദ്യുതി മാത്രം ആവശ്യമുള്ള ലൈറ്റ് ടെക്നോളജി ഉപയോഗിച്ചുള്ള എനർജി എഫിഷ്യന്റ് ഇസ്തിരി പെട്ടി എന്നിവയാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ടുപിടിച്ചത്.

എല്ലാ കണ്ടുപിടുത്തങ്ങൾക്കും പേറ്റന്റ് ഫയലിംഗ് കിട്ടിയെന്നതും മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെ പ്രമുഖ സ്റ്റാർട്ടപ്പ് പ്രൊമോഷൻ കൗൺസിലായ 'സംരംഭകമിത്ര 2019' ജൂലായിൽ എറണാകുളത്ത് നടത്തിയ " കേരള ഐഡിയ ചലഞ്ച് ആൻഡ് ഇൻവെസ്റ്റെർസ് മീറ്റിൽ" തിരഞ്ഞെടുത്ത ഏറ്റവും മികച്ച മൂന്ന് സംരംഭക പ്രൊജക്ടുകളാണിവ. കൂടാതെ ബെസ്റ്റ് സ്റ്റാർട്ടപ്പ് ഇനിഷ്യറ്റർ, ബെസ്റ്റ് മെൻറ്റർ, ബെസ്റ്റ് പ്രോജക്ട് അവാർഡുകൾ രാജധാനി കോളേജ് കരസ്ഥമാക്കുകയും ചെയ്തു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശിന്റെ നിർദേശാനുസരണം അദ്ധ്യാപകനും സ്റ്റാർട്ടപ്പ് ഇന്നോവേഷൻ പ്രോഗ്രാം ഹെഡുമായ പ്രശാന്തിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിച്ചത്.