നെടുമങ്ങാട് : മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി കളിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് കരകുളം ഗവൺമെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ശരണും സുഹൃത്തുക്കളും അദ്ധ്യാപകരും. സെപ്തംബർ 8 മുതൽ 12 വരെ നടക്കുന്ന ചാപ്യൻഷിപ്പിൽ 18അംഗ ഇന്ത്യൻ ടീമിലേക്കാണ് കരകുളം കായ്‌പാടി സ്വദേശി ശരൺ തിരഞ്ഞെടുക്കപ്പെട്ടത്.
ഇല്ലായ്മകളോട് പടപൊരുതിയാണ് ശരണിന്റെ മുന്നേറ്റം. അമ്മ സിന്ധു കൂലിപ്പണി ചെയ്താണ് ശരണിനെയും മൂത്ത സഹോദരൻ ശംഭുവിനെയും വളർത്തിയത്. ഐ.ടി.ഐ പഠനം കഴിഞ്ഞ ശംഭുവും കുടുംബം പോറ്റാനുള്ള തത്രപ്പാടിലാണ്. നെടുമങ്ങാട്ടെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന ശരൺ എട്ടാംക്ലാസിൽ കരകുളം ഗവൺമെന്റ് സ്‌കൂളിൽ എത്തിയതിനുശേഷമാണ് സോഫ്ട്ബാളും ഹാൻഡ്ബാളുമൊക്കെ നേരിൽ കാണുന്നതുതന്നെ. സ്‌കൂളിലെ കായികാദ്ധ്യാപകൻ ബോബി ജോസഫിന്റെ പരിശീലനത്തിൽ പ്രതിഭ തെളിയിച്ച ശരൺ ഇതിനോടകം കേരള ടീമിൽ ശ്രദ്ധ നേടിയ താരമായി മാറിയിട്ടുണ്ട്. ഒമ്പതാം ക്‌ളാസിൽവച്ചാണ് ആദ്യമായി കേരള ടീമിന് വേണ്ടി കളിച്ചത്. ഷീറ്റ് മേഞ്ഞ കൊച്ചുവീട്ടിലെ പരിമിതികളിൽനിന്ന് അമ്മയെയും അമ്മൂമ്മയെയും സഹോദരനെയും അടച്ചുറപ്പുള്ള വീട്ടിലെത്തിക്കുകയെന്ന സ്വപ്നവുമായാണ് ശരൺ കളത്തിലിറങ്ങുന്നത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശരണിനെ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കായ്പ്പാടി അമീനുദീൻ, കരകുളം സുകുമാരൻ നായർ, സെയ്താലി കായ്പാടി എന്നിവരും ഒപ്പമുണ്ടായിരുന്നു. കായ്പ്പാടി ജംഗ്‌ഷനിൽ ചേർന്ന അനുമോദന സമ്മേളനം കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ സുരേഷ് അദ്ധ്യക്ഷനായി.