തിരുവനന്തപുരം: ഇടതുപക്ഷം നേതൃത്വം നൽകുന്ന നഗരസഭാ കൗൺസിൽ പാവപ്പെട്ട ഭൂരഹിതരെ വഞ്ചിക്കുകയാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ആരോപിച്ചു. പേരൂർക്കട - വഴയില റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഭൂമിനൽകണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സി.എം.പി ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു.സി.എം.പി സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു, കൗൺസിലർ വി.ആർ. സിനി, ജില്ലാ ജോ. സെക്രട്ടറിമാരായ പി.ജി. മധു, പൊടിയൻകുട്ടി, ഭൂസമര സമതി കൺവീനർ പേരൂർക്കട മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പേരൂർക്കട ഏരിയാ സെക്രട്ടറി കെ. വിനോദ് കുമാർ സ്വാഗതവും പാളയം ഏരിയാ സെക്രട്ടറി ബിച്ചു .കെ.വി. നന്ദിയും പറഞ്ഞു.
സ്ഥലം സന്ദർശിക്കുമെന്ന് മേയർ
വർഷങ്ങൾക്ക് മുമ്പ് കരകുളം പഞ്ചായത്താണ് റോഡ് വികസനത്തിനായി 50ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതെന്നും ഇവർക്ക് സ്ഥലം അനുവദിക്കുന്ന കാര്യം പരിശോധിക്കാനായി പ്രദേശം സന്ദർശിക്കുമെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.ഇന്നലെ കൗൺസിൽ യോഗത്തിൽ സി.എം.പി പ്രതിനിധിയായ വി.ആർ. സിനി വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മേയർ ഇക്കാര്യം അറിയിച്ചത്.