വിഴിഞ്ഞം: കാലവർഷവും കടൽക്ഷോഭവും കാരണം കടലിൽ അകപ്പെട്ടിരുന്ന നിരവധി മത്സ്യത്തൊഴിലാളികളെ രക്ഷിച്ച മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോൾബോട്ട് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകരായി മത്സ്യത്തൊഴിലാളികൾ എത്തി. ഇന്നലെ വൈകിട്ട് ബീമാപള്ളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ ഉള്ളിൽ വച്ച് പട്രോൾ ബോട്ടിന്റെ എൻജിൻ റൂമിൽ വെള്ളം കയറുകയായിരുന്നു. ഇതോടെ ബോട്ടിലെ അപായ സൈറൺ മുഴങ്ങി. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. എൻജിനിൽ നിന്നുള്ള പൈപ്പ് ഇളകി മാറി വെള്ളം നിറഞ്ഞതാണെന്ന് കണ്ടെത്തി. ഇതോടെ ബോട്ടിലെ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്ത് കളയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോട്ടിലേക്ക് വെള്ളം ശക്തമായി കയറിക്കൊണ്ടിരുന്നു. ഒടുവിൽ ബോട്ട് മുങ്ങുന്ന സ്ഥിതിയായതോടെ കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായം തേടി. മത്സ്യത്തൊഴിലാളികളായ ഫ്രെഡി, പനിയടിമ എന്നിവർ എത്തി പമ്പ് ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുകയും ഇളകിയ പൈപ്പ് ശരിയാക്കുകയും ചെയ്ത ശേഷമാണ് ബോട്ട് കരയ്ക്കടിപ്പിക്കാനായത്. കോസ്റ്റ് ഗാർഡ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബോട്ട് ശരിയാക്കിയിരുന്നു.