തിരുവനന്തപുരം: പൊതുമേഖലാ ബാങ്ക് ലയനതീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുടെ ഐക്യവേദി ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് സംസ്ഥാന കൺവീനർ സി.ഡി. ജോസൺ അറിയിച്ചു. ജീവനക്കാർ കറുത്തബാഡ്ജ് ധരിച്ച് ജോലി ചെയ്യും. പ്രതിഷേധപ്രകടനങ്ങളും നടത്തും. ലയനം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണകരമല്ല. എസ്.ബി.ടി ലയനം കേരളത്തിൽ ശാഖകളുടെ എണ്ണം കുറയ്ക്കാനും വായ്പാലഭ്യത കുറയ്ക്കാനുമാണ് ഇടയാക്കിയതെന്ന് ജോസൺ പറഞ്ഞു.