തിരുവനന്തപുരം: രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കുന്നു. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനു ശുപാർശ നൽകി. നിയമനം എവിടെ നൽകണമെന്ന് മുഖ്യമന്ത്റിയാണ് തീരുമാനിക്കേണ്ടത്.
ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷനിൽ സി.എം.ഡിയായി നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവരുടേതാണ് നിലവിലെ കേഡർ തസ്തികകൾ. എന്നാൽ, നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ ജേക്കബ് തോമസിനെ നിയമിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വാദം. സി.പി.എം പാർട്ടി കമ്മിറ്റികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്റി തിരക്കായതിനാൽ ഇന്നു തീരുമാനമുണ്ടായേക്കാം.
അതിനിടെ, ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കേന്ദ്ര പേഴ്‌സണൽ മന്ത്റാലയം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. സ്വയം വിരമിക്കലിനായി സർവീസിലിരിക്കേ മൂന്നു മാസം മുൻപു നോട്ടീസ് നൽകേണ്ടതുണ്ട്. നടപടിക്രമം പാലിക്കാത്തതിനാൽ വി.ആർ.എസ് നൽകാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
വി.ആർ.എസ് നൽകുന്നതിനെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സസ്‌പെൻഷനിൽ ഏറെക്കാലം പുറത്തു നിറുത്താനാകില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെ തുടർന്നാണ് തിരിച്ചെടുക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി ശുപാർശ നൽകിയത്. ചീഫ് സെക്രട്ടറിക്കു ലഭിച്ച ഫയൽ മുഖ്യമന്ത്റിക്കു കൈമാറി. ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് തിരിച്ചെടുക്കാമെന്നുള്ള ആഭ്യന്തര വകുപ്പിന്റെ ഫയൽ. അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളുടെയും സർക്കാരിനെ വിമർശിച്ചുവെന്ന കേസിലുള്ള സസ്‌പെൻഷന്റെയും രേഖകൾ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്റാലയത്തിനു നൽകിയിരുന്നു. 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്.