tharatta

കല്ലറ: കല്ലറ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇരുപത്തിനാല് മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനിയും പരിഹാരമാകത്തതിൽ നാട്ടുകാർക്ക് അമർഷം. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ ആശുപത്രി പടിക്കൽ 48 മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു.

സ്ത്രീകളും ഗർഭിണികളുമടക്കം പ്രതിദിനം അഞ്ഞൂറുലധികം പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിയാണിത്. ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശുപത്രികളൊന്നും മേഖലയിൽ ഇല്ല. ആകെയുള്ളത് നെടുമങ്ങാട് താലൂക്ക് ആശുപത്രിയാണ്. അല്ലെങ്കിൽ തിരുവനന്തുരത്തുള്ള ജനറൽ ആശുപത്രിയിലോ, എസ്.എ.ടി ആശുപത്രിയിലോ എത്തണം. ഇവിടെ നിന്നും വളരെ അകലെയാണ് ഇൗ സ്ഥലങ്ങൾ. ഇത് കാരണം അടിയന്തര ചികിത്സ വേണ്ടി വരുന്നവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രികാലങ്ങളിൽ ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത് അപൂർവമാണ്. രാത്രിയിൽ അടിയന്തര ചികിത്സ തേടി എത്തുന്ന രോഗികളും ആവരുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ ഇതിനെ ചൊല്ലി ഉണ്ടാകുന്ന തർക്കങ്ങളും പതിവാണ്.