തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളായ ശിവരജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. കേസിലെ മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും പൊലീസ് കോൺസ്റ്റബിളായ ഗോകുലും പ്രണവിന്റെ അയൽവാസി സഫീറും ചേർന്നാണ് ഉത്തരങ്ങൾ ലഭ്യമാക്കിയതെന്നും ഇരുവരും ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തട്ടിപ്പിനായി ഭുവനേശ്വറിൽനിന്ന് വാങ്ങിയ സ്മാർട്ട് വാച്ചുകൾ പ്രതികൾ പുഴയിൽ എറിഞ്ഞ് നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയശേഷം നസീമും ശിവരഞ്ജിത്തും ഒളിവിൽ കഴിഞ്ഞത് മൂന്നാറിലായിരുന്നു. തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചെങ്കിലും വാച്ച് ഉപേക്ഷിച്ച സ്ഥലം കൃത്യമായി കാണിക്കാൻ ഇരുവർക്കുമായില്ല.
നേരത്തെ ഇരുവരെയും ജയിലിൽ വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ ഇരുവരും കോപ്പിയടി സമ്മതിച്ചിരുന്നെങ്കിലും എങ്ങനെയാണ് തട്ടിപ്പ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങൾ പരീക്ഷ തുടങ്ങിയ ശേഷം എസ്.എം.എസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഉത്തരങ്ങൾ എസ്.എം.എസായി അയച്ചവരുടെ കൈകളിൽ പി.എസ്.സി ചോദ്യപേപ്പർ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ചുവെങ്കിലും പ്രതികൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകുന്നതെന്നാണ് വിവരം.
യൂണിവേഴ്സിറ്റി കോളജ് കാന്റീനിൽ പാട്ടുപാടിയ തർക്കത്തെത്തുടർന്ന് ജൂലായ് 12നാണ് വിദ്യാർഥിയായ അഖിലിന് കുത്തേറ്റത്. തെളിവെടുപ്പിനുശേഷം ഇരുവരെയും ഇന്ന് തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.