തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇന്നലെ പൂർത്തിയാക്കി. 27 എം.ബി.ബി.എസ്, 64 ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് എൻട്രൻസ് കമ്മിഷണർ ഇന്നലെ നടത്തിയത്. സർക്കാർ ഡെന്റൽ കോളജുകളിൽ പ്രവേശനം നേടിയിരുന്ന അഞ്ച് വിദ്യാർത്ഥികൾ ഇന്നലത്തെ അലോട്ട്‌മെന്റിലൂടെ എം.ബി.ബി.എസ് സീറ്റുകളിലേക്ക് മാറി. ഇതുവഴി സർക്കാർ ഡെന്റൽ കോളജുകളിൽ ഒഴിവുവന്ന അഞ്ച് ബി.ഡി.എസ് സീറ്റുകളിലേക്ക് സ്വാശ്രയ ഡെന്റൽ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മെരിറ്റടിസ്ഥാനത്തിൽ അലോട്ട്‌മെന്റ് നൽകി. ഡെന്റലിൽ അവശേഷിച്ചിരുന്ന 64 സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് വൈകിട്ട് നാലരയോടെ പൂർത്തിയായി. 27 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിനായി 3000ത്തോളം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ നിന്ന് കൗൺസലിംഗ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തത്. 64 ബി.ഡി.എസ് സീറ്റുകളിലേക്കായി 600 പേരും സ്ലിപ്പ് ഡൗൺലോഡ് ചെയ്തു. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും അവസാന വട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാനായി കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബിലെ ട്രാവൻകൂർ കൺവെൻഷൻ സെന്ററിൽ എത്തി. മെഡിക്കലിൽ ആദ്യ മോപ് അപ് കൗൺസലിംഗിൽ സ്റ്റേറ്റ് മെരിറ്റിൽ 7583 റാങ്ക് വരെയുള്ള വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലഭിച്ചപ്പോൾ ഇന്നലെ ഇതിനെക്കാൾ ഉയർന്ന റാങ്കുകാർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. ഇന്നലെ സ്റ്റേറ്റ്മെരിറ്റിൽ അലോട്ട്‌മെന്റ് ലഭിച്ച അവസാന റാങ്ക് 6432 ആയിരുന്നു.