കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിക്കേസിൽ ചില ഉന്നതർ കൂടി കുടുങ്ങുമെന്ന് സൂചന. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ പ്രതിപ്പട്ടികയിൽ പോലും ഇല്ലാതിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ അറസ്റ്റാണ് അഴിമതിയിൽ ഉന്നതരും നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലേക്ക് വിജിലൻസിനെ എത്തിച്ചത്. കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനോട് ചോദ്യം ചെയ്യാനായി വീണ്ടും ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 22ന് അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിൽ നിന്നും ഒരു തവണ മൊഴിയെടുത്തിരുന്നു. വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
അഴിമതിക്കേസുമായി ബന്ധപ്പട്ട് 30 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഫ്ലൈ ഓവർ നിർമാണത്തിന് മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ ചെയർമാനും മുൻ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടിരുന്നു. അന്ന് ചില നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ ഭരണാനുമതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നുമായിരുന്നു മുൻ മന്ത്രി മൊഴി നൽകിയത്.
അതേസമയം, അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരുടെ കസ്റ്റഡി അപക്ഷേ ഇന്ന് പരിഗണിക്കും. നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇപ്പോൾ അറസ്റ്റിലാവയവർക്കു പുറമേ ഉദ്യേഗസ്ഥർ ഉൾപ്പെടെ 16 പേർ കേസിൽ സംശയത്തിന്റെ നിഴലിലാണ്.
അഴിമതിപ്പണത്തിൽ അന്വേഷണം
പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിക്കേസിൽ ഉന്നതർ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായതോടെ അഴിമതിപ്പണം വീതം വച്ചിരിക്കാമെന്ന സംശയത്തിൽ വിജിലൻസ്. ഇതോടെ കേസിൽ റിമാൻഡിൽ കഴിയുന്ന ഉന്നതരെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. പാലാരിവട്ടം പാലം നിർമാണത്തിന്റെ ക്വട്ടേഷൻ ക്ഷണിച്ചതു മുതൽ നിർമ്മാണം വരെ സകലതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. അഴിമതിയിലൂടെ ലഭിച്ചത് എത്ര കോടിയാണെന്നും ഈ പണം ആരെല്ലാം വീതം വച്ചു എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഓരോ പ്രതികളും ചെയ്ത ക്രമക്കേടുകൾ പേരെടുത്ത് സൂചിപ്പിച്ചാണ് ഇന്നലെ വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർമാണം ആരംഭിക്കാനായി കരാർ ഏറ്റെടുത്ത ആർ.ഡി.എസിന് 8,25,59,768 രൂപ നൽകി. ഇക്കാര്യത്തിൽ ടി.ഒ.സൂരജ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള അസി.ജനറൽ മാനേജർ എം.ടി.തങ്കച്ചൻ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. വേണ്ടത്ര രേഖകൾ സമർപ്പിക്കാതിരുന്നിട്ടും ആർ.ഡി.എസിന് മൂവരും ചേർന്ന് കരാർ നൽകി. മുൻകൂട്ടി നൽകിയ പണത്തിന് ഏഴു ശതമാനം എന്ന കുറഞ്ഞ പലിശ നിരക്ക് നിശ്ചയിച്ചത് ടി.ഒ.സൂരജാണ്. ഇങ്ങനെ പണം നൽകുമ്പോൾ 30 ശതമാനം ബിൽ തുക റോഡ് ഫണ്ട് ബോർഡിൽ പിടിച്ചു വയ്ക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇത് 10 ശതമാനം മതിയെന്ന് സൂരജ് ഫയലിൽ കുറിച്ചു. റോഡ് ഫണ്ട് ബോഡിൽ നിന്ന് നേരിട്ട് കരാറുകാരന് പണം നൽകാനുള്ള സൗകര്യവും സൂരജ് ചെയ്തു നൽകി. തുടങ്ങിയ വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
എല്ലാം സൂരജ് അറിഞ്ഞു
പാലം നിർമാണവുമായി ബന്ധപ്പെട്ട ഉത്തരവുകളിറക്കിയത് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജാണ്. മുഴുവൻ നടപടികളും സൂരജ് അറിഞ്ഞുതന്നെയാണ് നടന്നത് എന്നാണ് വിജിലൻസ് കണ്ടെത്തൽ. പൈലിംഗ് തുടങ്ങിയ ശേഷമാണ് സെക്രട്ടറി പദവിയിൽ നിന്ന് സൂരജ് മാറിയത്. കഴിഞ്ഞ വർഷം ആദ്യം വിജിലൻസ് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ടി.ഒ. സൂരജ് 11 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സൂരജിന്റെ 8.80 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. അതേസമയം പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയതാണെന്നാണ് സൂരജിന്റെ വെളിപ്പെടുത്തൽ.