sudheeran
SUDHEERAN

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് വി.എം. സുധീരൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂർവ്വവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട ബെഹ്‌റ യഥാർത്ഥത്തിൽ പൊലീസ് സേനയ്ക്ക് തന്നെ തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളത്. ജനങ്ങളെ രക്ഷിക്കേണ്ട പൊലീസ് സംവിധാനത്തിൽ സി.പി.എമ്മിന് പ്രിയപ്പെട്ട കുറ്റവാളികൾ പരിരക്ഷിക്കപ്പെടുകയും പൊലീസിൽ തന്നെ ക്രിമിനൽ കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചുവരികയും ചെയ്യുന്ന ദുസ്ഥിതിയാണ്.

സി.പി.എമ്മിന്റെ താല്പര്യ സംരക്ഷകനായി കൃത്യനിർവഹണത്തിൽ പരാജയപ്പെട്ട് വൻ വിമർശനമേറ്റുവാങ്ങുന്ന ബെഹ്‌റയെ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിൽ ആർക്കും തെറ്റ് പറയാനാകില്ല. ഇത്തരത്തിലുള്ള മൃദുവിമർശനങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന സർക്കാർ അതിന്റെ യഥാർത്ഥ ഫാസിസ്റ്റ് മുഖമാണിപ്പോൾ തുറന്നുകാട്ടിയത്. അസഹിഷ്ണുതയുടെ പ്രതീകമായ മോദിഭരണകൂടത്തിന്റെ അതേ പാതയിലൂടെ തന്നെയാണ് പിണറായി ഭരണത്തിന്റെയും പോക്കെന്നും സുധീരൻ കുറ്റപ്പെടുത്തി.