psc

തിരുവനന്തപുരം: ഇലക്ട്രോണിക്, ഡിജിറ്റൽ തട്ടിപ്പുകൾ ഉൾപ്പെടെ തടഞ്ഞ് പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ 'നീറ്റ് " രീതിയിൽ ക്രമീകരണമൊരുക്കാമെന്ന ഡൽഹിയിലെ ഏജൻസിയുടെ വാഗ്ദാനം പി.എസ്.സി അംഗീകരിച്ചില്ല. സുരക്ഷയൊരുക്കാൻ ഒരു ഉദ്യോഗാർത്ഥിക്ക് 50 രൂപ നൽകണം. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാകുമെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. നിലവിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് പി.എസ്.സി പരീക്ഷാഫീസ് ഈടാക്കുന്നില്ല.

ചെവിയിൽ ഒളിപ്പിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോൺ, മൊബൈൽ ഫോൺ, സ്‌കാനറുള്ള പേന, വാച്ച് എന്നിവ പരീക്ഷാക്രമക്കേടിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ സംവിധാനമില്ല. പരീക്ഷാർത്ഥികളുടെ ദേഹപരിശോധനയും പി.എസ്.സി നടത്താറില്ല.


ഒരു പഴുതുമില്ലാതെ പരീക്ഷ നടത്താമെന്നും പരീക്ഷാകേന്ദ്രങ്ങളിൽ ത്രിതലപരിശോധനാ സംവിധാനമൊരുക്കുമെന്നുമാണ് ഏജൻസിയുടെ വാഗ്ദാനം. മെറ്റൽ ഡിറ്റക്ടർ,​ സ്കാനർ എന്നിവ വച്ച് പരിശോധന നടത്തും. ഉദ്യോഗാർത്ഥികളല്ലാതെ ആരെയും പരീക്ഷാകേന്ദ്രങ്ങളിലേക്ക് കടത്തില്ല. വാച്ച്, പേന, മാല, കമ്മൽ, ടൗവൽ എന്നിവ അനുവദിക്കില്ല. പെൺകുട്ടികൾ മുടി പിന്നിയിടണം. ഉദ്യോഗാർത്ഥികൾക്കൊപ്പം വരുന്നവരെ പരീക്ഷാകേന്ദ്രത്തിൽ കടത്തില്ല. പരീക്ഷാ നടത്തിപ്പിനുള്ള അദ്ധ്യാപകർ, ജീവനക്കാർ എന്നിവരെ മൊബൈൽഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഏജൻസിയുടെ സുരക്ഷ.

പൊസീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ഹൈടെക് തട്ടിപ്പിന്റെ രീതി കണക്കിലെടുക്കുമ്പോൾ, സമീപകാലത്തെ നിയമനങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലുള്ളത്. ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെ പുറത്തേക്കയച്ച് ഉത്തരങ്ങൾ എസ്.എം.എസായി സ്‌മാർട്ട് വാച്ചിൽ സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

പരീക്ഷാ തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ചിന്റെ

പ്രതിസന്ധികൾ

തട്ടിപ്പിന്റെ രീതിയും ഉപയോഗിച്ച മൊബൈൽ നമ്പരുകളും പി.എസ്.സി ചെയർമാൻ വാർത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയതോടെ തെളിവുകൾ നശിപ്പിക്കപ്പെട്ടു

ശിവരഞ്ജിത്തിനും പ്രണവിനും എസ്.എം.എസ് ലഭിച്ചെന്നല്ലാതെ, സന്ദേശങ്ങൾ ഉത്തരങ്ങളായിരുന്നെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

 സന്ദേശങ്ങൾ അയച്ചതോ സ്വീകരിച്ചതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്താതെ സന്ദേശങ്ങൾ വീണ്ടെടുക്കാനാവില്ല

 സന്ദേശങ്ങൾ എന്തായിരുന്നെന്ന് സൈബർ ഫോറൻസിക് റിപ്പോർട്ടിലില്ലെങ്കിൽ പ്രതികൾക്കെതിരെ കുറ്റം നിലനിൽക്കില്ല. കേസ് റദ്ദായേക്കാം

ചോദ്യപേപ്പർ പുറത്തായതിൽ പി.എസ്.സി ജീവനക്കാർക്ക് പങ്കുണ്ടാവാമെന്നും വീഴ്ചകൾ മറയ്ക്കാനാണ് വിവരങ്ങൾ പരസ്യമാക്കിയതെന്നും സംശയം

''വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ സി.ബി.ഐ അന്വേഷണത്തിന് പി.എസ്.സി തന്നെ ശുപാർശ ചെയ്യണം. സമൂഹത്തിൽ പി.എസ്.സിയുടെ വിശ്വാസം തകരുന്നത് അപമാനമാണ് ''.

- ഡോ.കെ.എസ്.രാധാകൃഷ്‌ണൻ

പി.എസ്.സി മുൻ ചെയർമാൻ