ന്യൂഡൽഹി: പൊലീസിനെ വിമർശിച്ചതിന് കേസെടുക്കാനാരംഭിച്ചാൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള മന്ത്രിസഭയിലെ ഭൂരിഭാഗം സി.പി.എം മന്ത്രിമാർക്കും എതിരെയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി എം.പി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാർഹമാണ്. കേരളത്തിൽ പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും പൊലീസുദ്യോഗസ്ഥരെപ്പറ്റിയും ഏറ്റവും തരംതാണ പരാമർശം നടത്തിയിട്ടുള്ളത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളും പോഷക സംഘടനാ നേതാക്കളുമാണ്. പൊലീസിനെതിരായി അവർ ഉപയോഗിച്ച ഭാഷ പറയാൻ തന്നെ നാണക്കേടാണ്. എന്നാൽ അതിന്റെ പേരിൽ ആർക്കെങ്കിലുമെതിരെ കേസെടുത്തിട്ടില്ല. വിമർശിച്ചതിന്റെ പേരിൽ കേസെടുക്കണമെന്ന് ഏതെങ്കിലും പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെട്ട ചരിത്രവുമില്ല.
പിണറായി ഭരണത്തിൽ പൊലീസ് സേനയിലെ ഗണ്യമായ വിഭാഗം സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. സമീപകാലത്ത് പൊലീസിൽ നിന്നുണ്ടായ ഏകപക്ഷീയമായ നടപടികൾ കണ്ട് സഹികെട്ടിട്ടാകാം കെ.പി.സി.സി പ്രസിഡന്റ് അങ്ങനെ ഒരു പരാമർശം നടത്തിയത്. അതിന്റെ പേരിൽ കേസെടുക്കാൻ മുഖ്യമന്ത്രിയാണ് അനുമതി നൽകിയിരിക്കുന്നത്. പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതാണ് നയമെങ്കിൽ മുഖ്യമന്ത്രിക്കെതിരേ അടക്കം നടപടി എടുക്കാൻ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.