ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായപ്പോൾ പൊളിഞ്ഞുപാളീസായ പാലാരിവട്ടം മേൽപ്പാലം അഴിമതിയുടെ പേരിൽ പൊ തുമരാമത്ത് വകുപ്പ് മുൻസെക്രട്ടറി ടി. ഒ. സൂരജ് ഉൾപ്പെടെ നാലു പ്രമുഖർ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടത് തീർച്ചയായും സംസ്ഥാനത്ത് പുതുമയുള്ള വാർത്തതന്നെയാണ്.
സർക്കാരിൽ താക്കോൽ സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖർ കാണിക്കുന്ന അഴിമതിക്കും മറ്റു കൊള്ളരുതായ്മകൾക്കും കൈയും കണക്കുമില്ല. എന്നാൽ അപൂർവ്വമായേ അവരിലാരെങ്കിലും കുടുങ്ങാറുള്ളൂ. അവരുടെ മുകളിലിരിക്കുന്നവരും ഇത്തരം അഴിമതികളുടെ പങ്ക് പറ്റുന്നവരാകുമെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കേരളത്തിലെ നിർമ്മാണ ചരിത്രത്തിൽത്തന്നെ അത്യപൂർവ്വമാണ് പാലാരിവട്ടം മേൽപ്പാലത്തിന് നേരിട്ട തകർച്ച. നിർമ്മിച്ച് രണ്ടാംവർഷം തന്നെ പാലം ഗതാഗതം അസാദ്ധ്യമാക്കുംവിധം തകരണമെങ്കിൽ അതിന് പിന്നിൽ നടന്നിട്ടുള്ള അഴിമതിയും ക്രമക്കേടും എത്ര ഭീമാകാരമായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. സൂരജ് ഉൾപ്പെടെ നാലുപേർ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളതെങ്കിലും അഴിമതിയുടെ വേരുപടലങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നിട്ടുണ്ടാകാമെന്ന ഉറച്ച നിഗമനത്തിലാണ് വിജിലൻസ് വിഭാഗം. പാലം നിർമ്മിച്ച സമയത്ത് ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന രാഷ്ട്രീയ ഉന്നതനിലേക്കുവരെ അന്വേഷണം നീണ്ടുചെന്നു കഴിഞ്ഞു. പ്രമുഖർ ഇനിയും അറസ്റ്റിലാകുമെന്ന സൂചനയുണ്ട്. പൊതുമരാമത്ത് എക്കാലത്തും ആ വകുപ്പ് കൈയാളുന്ന പാർട്ടികൾക്ക് കറവപ്പശുവായിട്ടാണ് പൊതുവേ കരുതപ്പെടുന്നത്. ആദ്യകാലത്ത് ഇതിന് അപവാദങ്ങളില്ലെന്നല്ല എന്നാലും പിന്നീട് ആ വകുപ്പുലഭിച്ച ചിലർ കിട്ടിയ അവസരം നന്നായി വിനിയോഗിക്കുകതന്നെ ചെയ്തു. മുകളിലിരിക്കുന്നവർ അഴിമതിയിൽ മുങ്ങിക്കുളിച്ചപ്പോൾ താഴോട്ടും അത് പടർന്നതാണ് പൊതുമരാമത്ത് വകുപ്പിനെ ജനമദ്ധ്യത്തിൽ ഇടിച്ചുതാഴ്ത്തിയത്.
എറണാകുളം നഗരത്തിലെ ഏറ്റവും തിരക്കേറിയ പാലാരിവട്ടത്ത് ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി നിർമ്മിച്ച മേൽപ്പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി പാഠം പൂർവ്വസ്ഥിതിയിലാക്കാൻ നടത്തിയ ശ്രമം വിഫലമായതോടെ വിദഗ്ദ്ധ സംഘങ്ങളെ എത്തിച്ച് വിശദ പരിശോധനകൾ നടത്തി. അടിസ്ഥാനവും തൂണുകളുമൊഴികെ മറ്റെല്ലാ ഭാഗങ്ങളും പൊളിച്ചുകളഞ്ഞ് പാലം പുതുതായി നിർമ്മിക്കണമെന്നാണ് വിദഗ്ദ്ധന്മാരുടെ പഠന റിപ്പോർട്ട്. പാലം നിർമ്മാണത്തിനു ആദ്യം ചെലവഴിച്ച തുകയുടെ പകുതിയെങ്കിലുമുണ്ടെങ്കിലേ പുനർനിർമ്മാണം പൂർത്തിയാവുകയുള്ളൂ. നിർമ്മാണ കമ്പനിതന്നെ ഇൗ ചെലവ് വഹിക്കേണ്ടിവരുമെന്നാണ് പറയുന്നത്. എന്നാൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അടക്കം പ്രമുഖരെല്ലാം അഴിമതിക്കുറ്റത്തിന് അറസ്റ്റിലായതോടെ തുക അവരിൽ നിന്ന് ഇൗടാക്കുന്നതിന് കുരുക്കുകൾ ഉണ്ടായിക്കൂടെന്നില്ല. കമ്പനിയിൽനിന്ന് പണം എത്തുന്നതിന് കാത്തിരിക്കാതെ എത്രയും വേഗം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.
അഴിമതിയിൽ ആറാടിയാലും എളുപ്പം തടിയൂരാമെന്ന അനുകൂല സാഹചര്യമുള്ളതുകൊണ്ടാണ് ഒരു മറയുമില്ലാതെ രാജ്യത്ത് പൊതുഖജനാവിനെ ശോഷിപ്പിച്ചുകൊണ്ട് അഴിമതിയും കൊള്ളയും നിർബാധം നടക്കുന്നത്. മന്ത്രിമാർ ആർജ്ജവമുള്ളവരും സത്യസന്ധരുമാണെങ്കിൽ ഉദ്യോഗസ്ഥർ ക്രമക്കേട് കാണിക്കാൻ ഭയക്കും. ഇപ്പോഴത്തെ മരാമത്തുമന്ത്രിയുടെ സത്യസന്ധമായ നിലപാടുകാരണമാണ് പാലാരിവട്ടം മേൽപ്പാലം അഴിമതിയുടെ ചുരുൾ ഇത്രവേഗം അഴിയാനും കുറ്റക്കാരിൽ പ്രമുഖരെ അകത്താക്കാനും സാധിച്ചതെന്ന് നിസ്സംശയം പറയാം. മരാമത്ത് പണികളിൽ ഒരുവിധ ക്രമക്കേടും സഹിക്കുന്ന ആളല്ല മന്ത്രി ജി. സുധാകരൻ എന്ന് പരക്കെബോദ്ധ്യപ്പെട്ടകാര്യമാണ്.മുഖ്യമന്ത്രിയുടെ പിന്തുണ ഈ പോരാട്ടങ്ങൾക്കൊപ്പമുണ്ടെന്നതും വ്യക്തമാണ്.
സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ടി.ഒ. സൂരജിന്റെ അറസ്റ്റ് പദവി ദുരുപയോഗപ്പെടുത്തി സ്വത്ത് സമ്പാദിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖർക്ക് ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്. അവിഹിത മാർഗങ്ങളിലൂടെ ഇൗ ഉദ്യോഗസ്ഥൻ സമ്പാദിച്ച സ്വത്തുക്കളിൽ എട്ടരക്കോടിരൂപയ്ക്കുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയത് ഇൗ അടുത്ത കാലത്താണ്. പാലാരിവട്ടം മേൽപ്പാലത്തിന് ടെണ്ടർ ഘട്ടംമുതൽ പണിതീരുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. കരാറെടുത്ത കമ്പനിക്ക് ക്രമവിരുദ്ധമായി പല ആനുകൂല്യങ്ങളും അനുവദിച്ചതിന്റെ പേരിൽ സൂരജിനും കൂട്ടർക്കും കോഴ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യമായത്. നിയമപ്രകാരം സമർപ്പിക്കേണ്ട പല രേഖകളും വയ്ക്കാതെ തന്നെ ആർ.ഡി.എസ് എന്ന നിർമ്മാണ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. പാലം പണിയുടെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്ന സംസ്ഥാന സർക്കാർ ഉടമയിലുള്ള കമ്പനികളും കരാർ കമ്പനികളുമായി ഒത്തുകളിച്ചതിന്റെ ഫലമാണ് രണ്ടുവർഷംകൊണ്ട് പാലം തകരാനിടയായത്. അറസ്റ്റിലായ റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ, കിറ്റ്കോ മുൻ എം.ഡി, ബെന്നി പാൾ എന്നീ ഉന്നതന്മാർക്ക് പുറമേ വേറെയും ഒരു ഡസനിലേറെ ഉദ്യോഗസ്ഥരും വിജിലൻസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുണ്ട്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സർക്കാർ സർവീസിൽ സ്ഥാനമില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വെളിപ്പെടുമ്പോഴാണ് ഏത് ഭരണകൂടത്തിന്റെയും യശസ് ഉയരുന്നത്. പത്തോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന ശിപായിയെ പിടികൂടുന്നതുപോലെയല്ല ഭരണത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്ന വമ്പന്മാരെ വേണ്ടത്ര തെളിവോടെ കൈയാമം വച്ച് ജനമദ്ധ്യത്തിൽ കൊണ്ടുവന്നുനിറുത്തുന്നത്. ഇത്തരത്തിലുള്ള നടപടി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനും അഴിമതിക്കെതിരായ പോരാട്ടത്തിനും വർദ്ധിച്ച വീര്യം പകരുന്നതാണ്. സർക്കാർ സർവീസിലെ പല താപ്പാനകൾക്കും മനസിൽ ഒാർത്തുവയ്ക്കാനുള്ള അനുഭവപാഠംകൂടിയാണിത്. പാലാരിവട്ടം മേൽപ്പാലത്തിൽ അവസാനിപ്പിക്കേണ്ടതല്ല സർക്കാരിന്റെ അഴിമതി വിരുദ്ധപോരാട്ടം എന്നുകൂടി പറയേണ്ടതുണ്ട്.