തിരുവനന്തപുരം: " കാശ്മീരിലെ സംഭവങ്ങൾ നിങ്ങൾക്ക് സസ്പെൻസ് നിറഞ്ഞ വാർത്തകൾ മാത്രാമാകാം. ഞാൻ അവിടെ നിന്നാണ് വരുന്നത്. ജനത്തിന് ഇനിയെങ്കിലും സമാധാനം വേണം. അവർക്ക് എല്ലാതരത്തിലും നല്ല ആരോഗ്യം വേണം. ഇതൊന്നും തോക്കിലൂടെ കിട്ടില്ല."
ജമ്മുകാശ്മീർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും ഇന്ത്യൻ ഡോക്ടേഴ്സ് ഫോർ പീസ് ആൻഡ് ഡെവലപ്പ്മെന്റിന്റെ (ഐ.ഡി.പി.ഡി) പ്രസിഡന്റുമായ ഡോ.സുരീന്ദർ സിംഗ് സൂതൻ കാശ്മീരിനെ പറ്റി സംസാരിക്കുമ്പോൾ വികാരാധീനനാകുന്നത്. 1985ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്റർനാഷണൽ ഫിസിഷ്യൻസ് ഫോർ പീസ് ആൻഡ് ഡെവലപ്പ്മെന്റിന്റെ ഇന്ത്യൻ പതിപ്പാണ് ഐ.ഡി.പി.ഡി.
78-ാം വയസിലും ഡോക്ടർ സമാധാന പ്രവർത്തനങ്ങളുമായി സജീവമാണ്. ഇന്നലെ ആരംഭിച്ച ഐ.ഡി.പി.ഡി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 200 ഡോക്ടർമാർ പങ്കെടുക്കുന്ന സമ്മേളനം ആരോഗ്യവും സമാധാനവും നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
'ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തോട് എനിക്ക് എതിർപ്പില്ല. എതിർപ്പുള്ളത് അവിടെത്തെ ജനങ്ങളെ ഇപ്പോഴും പരീക്ഷിക്കുന്നതിലാണ്. എന്നേ സമാധാനം നഷ്ടപ്പെട്ടവരാണവർ. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളെയും അവർ സ്വാഗതം ചെയ്യണമെന്നില്ല. ഞങ്ങളെ പോലെയുള്ളവർക്കേ ബോധവത്കരണം നൽകി അവരെ നല്ല പൗരന്മാരാക്കാൻ കഴിയൂ. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കു പോലും പ്രവേശനം നിഷേധിച്ചിരിക്കുകയാണിപ്പോൾ. ഈ അവസ്ഥയാണ് മാറേണ്ടത്.
കാശ്മീരിന്റെ പുരോഗതിക്കാണ് ഇതൊക്കെയെന്നാണ് സർക്കാർ വാദം?
അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ഒരിക്കലും അവസാനിക്കാത്ത കർഫ്യൂ കൊണ്ടല്ലല്ലോ. രാഷ്ട്രീയ പാർട്ടികളെ കൂടാതെ വിവിധ സംഘടനകൾ അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്. എന്തു വിശ്വസിക്കണം എന്തിനെ എതിർക്കണം എന്ന ധാരണ പോലും അവിടെയുള്ളവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഇനി എന്താണ് ചെയ്യാനാകുക?
ജനത്തെ നല്ല മാനസികാരോഗ്യമുള്ളവരാക്കി മാറ്റണം. സമാധാനം സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് അവരെ വിശ്വസിപ്പിക്കുന്ന പ്രവർത്തനങ്ങൾ വേണം. അതിന് വെടിയൊച്ചകൾ നിലയ്ക്കണം. കേന്ദ്രസർക്കാർ പാകിസ്ഥാനുമായി ചർച്ച നടത്തി സമാധാനം ഉറപ്പുവരുത്തണം.
താങ്കളുടെ പ്രവർത്തനം?
ഞാൻ മരണം വരെ ജമ്മു കാശ്മീരിന്റെ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കും. ആ ലക്ഷ്യം കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.