കിളിമാനൂർ: മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം നേടിയ കെ. മോഹൻനായരെ ബി. സത്യൻ എം.എൽ.എ അനുമോദിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊല്ലം മേഖലയിലെ പുരസ്കാര ജേതാവായ മോഹൻ നായർ അദ്ധ്യാപക വൃത്തിയോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിദ്ധ്യവും കരവാരം വി.എച്ച്.എസ്.എസിലെ പ്രഥമാദ്ധ്യപകനുമാണ്. കിളിമാനൂർ വാലഞ്ചേരി സാരസ്വതം വീട്ടിലെ ഗൃഹസ്ഥനിൽ നിന്ന് കരവാരം വി.എച്ച്.എസ്.എസിൽ എത്തിയാൽ പിന്നെ സ്കൂളിന്റെ നാഥനാണ്. ഇരുപത്തി നാല് വർഷമായി ഇവിടെ കോമേഴ്സ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഇദ്ദേഹം ഈ അദ്ധ്യയന വർഷത്തോടെ വിരമിക്കും. വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ഫോറം ഓഫ് റസിഡന്റസ് അസോസിയേഷൻ കിളിമാനൂർ പ്രസിഡന്റ് എന്നി നിലകളിൽ സാമൂഹിക രംഗത്തും സജീവമാണ് മോഹൻനായർ. കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക സി.എൽ. ശ്രീജയാണ് ഭാര്യ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഒഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി.എസ് വിദ്യാർത്ഥി എം.എസ്. ശ്രീനന്ദ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി എം.എസ്. കൃഷ്ണ ശ്രീ എന്നിവരാണ് മക്കൾ.