തിരുവനന്തപുരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെക്കാളും തരംതാണ പ്രവർത്തനങ്ങളാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്തുന്നതെന്ന് കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി ആരോപിച്ചു. സി.പി.എം പറയുന്നതിന് താഴെ ഒപ്പുവയ്ക്കുന്ന ഉദ്യോഗസ്ഥനായി ബെഹ്റ മാറി. സി.പി.എമ്മിനായി ഏതു തരംതാണ പ്രവൃത്തിയും ഏറ്റെടുക്കുന്ന ഈ ഡി.ജി.പി കേരള പൊലീസിന് അപമാനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടുകൊണ്ട് അദ്ദേഹത്തിന് ഇല്ലാത്ത മാനം നഷ്ടപ്പെട്ടില്ല. പൊലീസ് ഇന്ന് ആരുടെയും നിയന്ത്രണത്തിലല്ല. ഇന്നത്തെ ക്രിമിനൽ നാളത്തെ പൊലീസ് എന്ന അവസ്ഥയിലായി. കുറേ നാളുകളായി കേന്ദ്രത്തിലെ ബി.ജെ.പിയുടെ ശൈലി തന്നെയാണ് സി.പി.എം പിന്തുടരുന്നത്. പുറമേക്ക് ബി.ജെ.പി വിരോധം പ്രസംഗിക്കുമെങ്കിലും ഇവർതമ്മിൽ നല്ല യോജിപ്പാണ്.
ശബരിമല വിഷയത്തിൽ കോടിയേരിയുടേതാണോ പിണറായിയുടേതാണോ ശരിയായ നിലപാടെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.